തൃശൂർ : സ്‌കൂളിൽ നിന്നും വ്യാഴാഴ്‌ച മുതല്‍ കാണാതായ രണ്ട് ഹൈസ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തി. വടക്കാഞ്ചേരി അകമല ക്ഷേത്രത്തിന് സമീപത്ത് നിന്നും ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഇരുവരെയും കണ്ടെത്തിയത്. മുള്ളൂര്‍ക്കര സ്വദേശി അനസ് ആണ് വിദ്യാര്‍ഥികളെ കണ്ടത്. അനസ് ബൈക്കില്‍ സഞ്ചരിക്കവെ വടക്കാഞ്ചേരി അകമല അമ്പലത്തിന് സമീപത്ത് വച്ച് കുട്ടികളെ കാണുകയായിരുന്നു. ഉടന്‍ തന്നെ അനസ് ഇരുവരെയും തന്‍റെ ബൈക്കില്‍ അടുത്തുള്ള വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
സ്റ്റേഷനില്‍ എത്തുമ്പോള്‍ കുട്ടികള്‍ വിശന്ന് തളര്‍ന്ന അവസ്ഥയിലായിരുന്നു. പൊലീസ് ഇരുവര്‍ക്കും ഭക്ഷണം വാങ്ങി നല്‍കി. തുടര്‍ന്ന് എരുമപ്പെട്ടി പൊലീസ് എത്തി കുട്ടികളെ എരുമപ്പെട്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കുട്ടികൾ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളം റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ മാർഗം എത്തിയെന്ന് ആദ്യ ഘട്ടത്തില്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ എറണാകുളത്ത് തെരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതിനിടെ വിദ്യാർഥികളെ ഇന്നലെ രാവിലെ ഏഴേമുക്കാലിന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പിൽ ഇറക്കിയതായി സ്വകാര്യ ബസ് ജീവനക്കാർ പൊലീസിന് വിവരം നൽകി. തൃശൂരിലേക്ക് പോകുന്നുവെന്നാണ് വിദ്യാർഥികൾ ബസ് ജീവനക്കാരോട് പറഞ്ഞത്. സംശയം തോന്നിയ ബസ് ജീവനക്കാരൻ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അവിടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
എറണാകുളത്ത് നിന്നും ട്രയിന്‍ മാര്‍ഗം ഷൊർണൂരില്‍ എത്തിയ ശേഷം അവിടെനിന്നും കാല്‍നടയായി വടക്കാഞ്ചേരി അകമലയില്‍ എത്തുകയായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. വ്യാഴാഴ്‌ച സ്‌കൂളിലെത്തിയ വിദ്യാർഥികളെ ഉച്ചമുതലാണ് കാണാതായത്. ഇരുവരും ഒരേ ക്ലാസിലെ വിദ്യാർഥികളാണ്.
ഇവരുടെ ബാഗുകൾ ക്ലാസ് മുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. സ്‌കൂൾ അധികൃതരും ബന്ധുക്കളും എരുമപ്പെട്ടി പൊലീസില്‍ നൽകിയ പരാതിയിൽ അന്വേഷണം വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതിനിടയിലാണ് കുട്ടികളെ കണ്ടെത്തിയത്.
Also Read : അവരെവിടെ...? മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് കാണാതായത് 13 ലക്ഷത്തിലധികം സ്ത്രീകളെ