തൃശൂർ: തരിശുനിലങ്ങളെ കാർഷിക സമ്പുഷ്ടമാക്കുകയാണ് തൃശൂർ മരത്താക്കരയിലെ റോസൻ ഫിഷറീസ്. ഒരിക്കൽ കളിമണ്ണെടുപ്പു മൂലം തരിശായിക്കിടന്ന നിലമിന്ന് മത്സ്യസമ്പത്തിന്റെ കലവറയായി മാറിയിരിക്കുകയാണ്. 40 വർഷം മുൻപ് മരത്താക്കര സ്വദേശിയായ സി.ഡി സെബാസ്റ്റ്യൻ തന്റെ തരിശു നിലത്ത് ആരംഭിച്ചതാണ് റോസൻ ഫിഷറീസ് ഫം. പരമ്പരാഗത മീൻ വളർത്തൽ രീതിയിൽ ആരംഭിച്ച ഫാം ഇന്ന് 15 ഏക്കർ വിസ്തൃതിയിൽ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മുന്നേറുകയാണ്. അതിസാന്ദ്രതാ മത്സ്യകൃഷിയെന്ന പുത്തൻ മാർഗ്ഗത്തിലൂടെ കുറഞ്ഞ സ്ഥലമുപയോഗപ്പെടുത്തി കൂടുതൽ വിളവ് നേടുന്നുവെന്നതാണ് റോസൻ ഫിഷറീസ് ഫാമിനെ ഈ മേഖലയിൽ വ്യത്യസ്തമാക്കുന്നത്.മുമ്പ് പത്തേക്കർ സ്ഥലത്തെ കൃഷിയിൽ നിന്നും ലഭിച്ചിരുന്ന മത്സ്യം ഇപ്പോൾ 25 സെന്‍റ് സ്ഥലത്തെ അതിസാന്ദ്രതാ മത്സ്യ കൃഷിയിലൂടെ ഇവിടെ ഉത്പാദിപ്പിക്കുന്നു. നാല് ലക്ഷം ലീറ്റർ വെള്ളത്തിൽ നിന്ന് 20 ടൺ മത്സ്യമാണ് ഉത്പാദിപ്പിച്ചെടുക്കാൻ സാധിക്കുക. മുടക്കുമുതൽ നാൽപ്പത് ലക്ഷത്തോളം വരുമെങ്കിലും കുറഞ്ഞ സ്ഥലം മതിയെന്നതിലൂടെയും ലഭ്യമാകുന്ന വിളവിന്റെ അടിസ്ഥാനത്തിലും ഇതൊരു മികച്ച കാർഷിക മാതൃകയാണ്.
നാൽപത് വർഷം മുൻപ് ഫിഷറീസ് പഠനം പൂർത്തിയാക്കി സി.ഡി സെബാസ്റ്റ്യൻ മത്സ്യകൃഷി ആരംഭിക്കുമ്പോൾ കുളങ്ങളിൽ മീൻ വളർത്തുന്ന പരമ്പരാഗത രീതിയായിരുന്നു അവലംബിച്ചത്. ഇപ്പോൾ മകൻ മെൽവിനും ഒപ്പം ചേർന്നതോടെ കൃഷി ഹൈടെക്കായി. വിദേശ രാജ്യങ്ങളിലെ ഹൈടെക് മത്സ്യഫാമുകൾ സന്ദർശിച്ചും മികച്ച സാങ്കേതികവിദ്യ വിദേശത്തുനിന്നു ഇറക്കുമതി ചെയ്തുമാണ് അൾട്രാ ഹൈ ഡെൻസിറ്റി അക്വാകൾച്ചർ കൃഷി ആരംഭിച്ചിരിക്കുന്നത്. റീ സർക്കുലേറ്ററിംഗ് അക്വാകൾച്ചർ അടക്കമുളള ഹൈടെക് സംവിധാനങ്ങൾ മാത്രമല്ല, സാധാരണക്കാർക്ക് പ്രാപ്യമായ ഫ്ലോത്രൂ, ബയോഫ്ലോക്, കേജ്, അക്വാപോണിക്സ് തുടങ്ങിയ മത്സ്യകൃഷി രീതിയുടെ വ്യത്യസ്ത മാതൃകകളും റോസൻ ഫിഷറീസ് ഫാമിലുണ്ട്.പുതുതായി മത്സ്യകൃഷി ആരംഭിക്കാൻ ആഗ്രഹിച്ച് ദിനംപ്രതി നിരവധിയാളുകളാണ് ഇവിടേക്കെത്തുന്നത്.മത്സ്യ കൃഷിയെന്നത് കേവലം അലങ്കാര മത്സ്യത്തെ വളർത്തുന്നതിലുപരി മികച്ച വരുമാന മാർഗ്ഗവുമാണെന്നത് ഈ ഫാമിലെത്തിയാൽ തിരിച്ചറിയാം.