തൃശൂര്‍: തൃശൂര്‍ കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ ഒരു ആനയെ നടക്കിരുത്തി. ഒരു ആനയല്ലെ അതിലെന്തിരിക്കുന്നു എന്ന് ചിന്തിക്കാൻ വരട്ടെ. ഈ ആന ഇടയില്ല, പട്ടയും മടലും ഭക്ഷണത്തിനായി കരുതേണ്ട, ഇടത്തും വലത്തും പറയാൻ പാപ്പാനും വേണ്ട. അപ്പോ ആനയല്ല എന്ന് ആലോചിക്കല്ലെ. ഇത് ആനയാണ്, ലക്ഷണമൊത്ത ആന. പതിനൊന്നടിയോളം ഉയരം, 800 കിലോ ഭാരം പോരെങ്കിൽ നാലുപേരെ പുറത്തേറ്റാനും കഴിയും. പക്ഷേ ഈ ആനയൊരു ഒന്നൊന്നര ആനയാണ്, പേര് ഇരിഞ്ഞാടപ്പിള്ളി രാമന്‍, റോബോട്ടിക് ആന.
ഒരു കൂട്ടം ഭക്തരുടെ സംഭാവനയാണ് ഇരിഞ്ഞാടപ്പിള്ളി രാമന്‍ എന്ന് പേരിട്ടിരിക്കുന്ന ലക്ഷണമൊത്ത ഈ റോബോട്ടിക് ആന. പത്തര അടിയുള്ള ആനയുടെ നിര്‍മാണ ചെലവ് അഞ്ച് ലക്ഷം രൂപയാണ്. വൈദ്യുതിയിലാണ് ആനയുടെ തലയും കണ്ണുകളും വായയും ചെവിയും വാലുമെല്ലാം പ്രവര്‍ത്തിക്കുന്നത്. ഇവ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. ഇരുമ്പുകൊണ്ടുളള ചട്ടക്കൂടിന് പുറത്ത് റബ്ബര്‍ ഉപയോഗിച്ച് ശരീരം നിര്‍മിച്ചിരിക്കുന്ന ആനയിൽ അഞ്ച് മോട്ടോറുകൾ ഉപയോഗിച്ചാണ് റോബോര്‍ട്ടിനെ ചലിപ്പിക്കുന്നത്. തുമ്പിക്കൈ ഒഴികെ മറ്റുള്ളവയെല്ലാം മോട്ടോറിലാണ് പ്രവര്‍ത്തിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്വിച്ചിട്ടാല്‍ തുമ്പിക്കൈയില്‍നിന്ന് വെള്ളം ചീറ്റുമെന്നതും ഈ റോബോട്ടിക് ആനയുടെ പ്രത്യേകതയാണ്.
തിടമ്പേറ്റുന്നതിനും മറ്റുമായി ഇത്തരത്തില്‍ ചെലവ് കുറഞ്ഞതും അപകടരഹിതവുമായ രീതി ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ അഭിപ്രായം. നേരത്തെ ദുബായ് ഉത്സവത്തിന് റോബോട്ടിക് ഗജവീരന്മാരെ ഒരുക്കിയ ചാലക്കുടി പോട്ടയിലെ 'ഫോര്‍ ഹി ആര്‍ട്ട്‌സിലെ' ശില്‍പികളായ പ്രശാന്ത്, ജിനേഷ്, റോബിന്‍, സാന്‍റോ എന്നിവരാണ് ഈ ഗജവീരനേയും നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു റോബോട്ടിക് ആനയെ നടയിരുത്തുന്നത്.