തൃശൂര്‍: മക്കളെ കൈപിടിച്ച് കൊടുക്കേണ്ട പ്രായത്തിൽ കൊച്ചനിയനും ലക്ഷ്മി അമ്മാളും പരസ്പരം കരങ്ങൾ ചേർത്തുപിടിച്ചു. താങ്ങും തണലുമായി ഇനിയുള്ള ജീവിതയാത്രയിൽ ഒപ്പമുണ്ടാകുമെന്ന ഉറപ്പോടെ. രാമവർമപുരം സർക്കാർ അഗതി മന്ദിരത്തിലെ അന്തേവാസികളായ അറുപത്തിയേഴുകാരൻ കൊച്ചനിയനും അറുപത്തിയാറുകാരി ലക്ഷ്മി അമ്മാളും ഒന്നിച്ചപ്പോൾ അത് കേരള ചരിത്രത്തിലെ തന്നെ പുതുഏടായി മാറി. കൊട്ടും കുരവയും പുഷ്‌പവൃഷ്‌ടിയുമൊക്കെയായി കൊച്ചനിയൻ ലക്ഷ്മി അമ്മാളിന്റെ കഴുത്തിൽ താലി ചാർത്തി. ഒപ്പം പുതുജീവിതത്തിന് ഇരട്ടിമധുരമായി സ്നേഹ ചുംബനവും പങ്കുവെച്ചു. മന്ത്രി വി.എസ്.സുനിൽ കുമാറും മേയറും മറ്റ് ജനപ്രതിനിധികളുമെല്ലാം വിവാഹത്തിന് സാക്ഷികളായി എത്തിയിരുന്നു.
ലക്ഷ്മി അമ്മാളിന്റെ ഭർത്താവ് കൃഷ്ണയ്യരുടെ സഹായിയായിരുന്നു കൊച്ചനിയൻ. കൃഷ്‌ണയ്യരുടെ മരണശേഷം അമ്മാളിന്‍റെ ഏക ആശ്രയവും കൊച്ചനിയനായിരുന്നു. പിന്നീട് ശാരീരിക അവശതകളുള്ള ലക്ഷ്‌മി അമ്മാളിനെ രാമവർമപുരത്ത് എത്തിച്ച് സുരക്ഷിതയാക്കിയ ശേഷം കൊച്ചനിയൻ മടങ്ങുകയായിരുന്നു. എന്നാല്‍ അസുഖബാധിതനായ കൊച്ചനിയന്‍ വൈകാതെ തന്നെ അതേ വൃദ്ധസദനത്തിലേക്കെത്തി. വൃദ്ധസദനങ്ങളിൽ കഴിയുന്ന അന്തേവാസികൾക്ക് പരസ്പരം വിവാഹം ചെയ്യാനുള്ള അനുമതി അടുത്തിടെയാണ് സർക്കാർ പുറത്തിറക്കിയത്. ഇരുവരും ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോൾ കാര്യങ്ങൾ വേഗത്തിലായി. നവദമ്പതികൾക്കായി പ്രത്യേക മുറിയും അഗതി മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്. പ്രായത്തിന്‍റെ അവശതകൾക്കിടയിലും ആഹ്ളാദത്തിന്‍റെ നിറചിരിയോടെ സമൂഹത്തിന് പുതുസന്ദേശമായി മാറുകയാണ് ലക്ഷ്മി അമ്മാളും കൊച്ചനിയനും.