തൃശൂര്‍: കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം നിരീക്ഷണത്തിലാക്കിയ 225 ട്രെയിൻ യാത്രക്കാരുടെ നിരീക്ഷണ കാലാവധി പൂർത്തിയായി. മാർച്ച് 25ന് പുലർച്ചെ തൃശൂരിലെത്തിയ ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്‌പ്രസിലെ യാത്രക്കാരെയാണ് നിരീക്ഷണത്തിൽ താമസിപ്പിച്ചിരുന്നത്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷന്‍ (കില) കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന ഇവരെ സന്ദർശിച്ച കലക്‌ടർ എസ്.ഷാനവാസ് യാത്രാനുമതി നൽകുകയായിരുന്നു. ആരോഗ്യപരിശോധന നടത്തി, സർട്ടിഫിക്കറ്റ് നൽകിയാണ് ഇവരെ യാത്രയാക്കിയത്.
ഇതര സംസ്ഥാനങ്ങളിലെ യാത്രക്കാർക്ക് ലോക് ഡൗൺ കഴിയുന്നതുവരെ കിലയിൽ കഴിയാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിഥി തൊഴിലാളികളെ ക്യാമ്പുകളിലേക്ക് മാറ്റും. യാത്രാനുമതി ലഭിച്ചവരെ ബുധനാഴ്‌ച രാത്രി പ്രത്യേകം കെഎസ്ആർടിസി ബസുകളിലാണ് യാത്രയാക്കിയത്. ആറ് ബസുകളാണ് ഇതിനായി ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് കെഎസ്ആർടിസി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്‌തു. വൈകിട്ട് തൃശൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ യാത്രക്കാർക്ക് യാത്രയയപ്പും നൽകിയിരുന്നു.
ലോക് ഡൗൺ കാലയളവിൽ നഗരത്തിൽ കറങ്ങി നടന്ന രണ്ട് വിദ്യാർഥികളെയും കിലയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ടായിരുന്നു. ഇവർക്കുളള ഭക്ഷണം, അവശ്യവസ്‌തുക്കൾ എന്നിവ ജില്ലാഭരണകൂടം ലഭ്യമാക്കിയിരുന്നു. വളണ്ടിയർമാരുടെ സേവനവും ഏർപ്പെടുത്തി. നിരീക്ഷണ കാലാവധി പൂർത്തിയായി പോകുന്നവർ അതത് ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു.