തൃശൂർ: ആനപ്പുറത്ത് അഴക് വിടർത്തുക വട്ടംചുഴറ്റി വിരിയുന്ന വെഞ്ചാമരങ്ങളാണ്. ആനയാണെങ്കിലും അവനെ മിനുക്കുന്നതും ഒരുക്കുന്നതും പൂരം വിസ്മയമാക്കുന്നതും ചമയങ്ങളാണ്. അതിൽ മുഖ്യമാണ‌് വെഞ്ചാമരം. പൂരത്തിന്‍റെ വലിപ്പമനുസരിച്ച‌് ആനകളുടെയും കലാകാരന്മാരുടേയും മാത്രമല്ല വെഞ്ചാമരത്തിന്‍റെയും വലിപ്പവും മൂല്യവും ഉയരും. കേരളത്തിലെ പൂരങ്ങളിൽ ഏറ്റവും വലിയ വെഞ്ചാമരം ഉയർത്തുന്നത‌് തൃശൂർ പൂരത്തിനാണ‌്. കഴിഞ്ഞ 17 വർഷങ്ങളായി തിരുവമ്പാടി ദേവസ്വത്തിന് വെഞ്ചാമരമൊരുക്കുന്നത് തൃശൂർ കണിമംഗലം സ്വദേശി കടവത്ത് ചന്ദ്രനാണ‌്. മകൻ സുജിത്തും അച്ഛനെ സഹായിക്കാനുണ്ട‌്.
വെഞ്ചാമരമൊരുക്കുന്ന യാക്കിന്‍റെ രോമത്തിന് വില കിലോഗ്രാമിന് 5000 രൂപയാണ‌്. നേപ്പാളിൽ നിന്നെത്തിക്കുന്ന രോമം ജടയും അഴുക്കും കളഞ്ഞ് ചീകി മിനുസം വരുത്തി ചരടിൽ മെടഞ്ഞാണ് വെഞ്ചാമരത്തിന്‍റെ നിർമ്മാണം. മൂന്നുദിവസം കൊണ്ടാണ് ഒരു സെറ്റ് വെഞ്ചാമരം നിർമ്മിക്കുന്നത്. ഒരു സെറ്റ് നിർമ്മിച്ചു പൂർത്തിയാകുമ്പോൾ ഏകദേശം 40,000 മുതൽ 45,000 രൂപവരെ ചിലവ് വരും. മുൻവർഷങ്ങളിൽ ഉപയോഗിച്ചവ ചെമ്പിക്കുന്നതിനാൽ എല്ലാ വർഷവും പുതിയ വെഞ്ചാമരങ്ങൾ ഉണ്ടാക്കിയെടുക്കും. തൃശൂർ എരവിമംഗലം സ്വദേശി തെക്കേത്തുറ രാധാകൃഷ്ണനാണ് പാറമേക്കാവ് വിഭാഗത്തിന് വേണ്ടി വെഞ്ചാമരങ്ങൾ നിർമ്മിക്കുന്നത്. ഇരു വിഭാഗത്തിന്‍റെയും വെഞ്ചാമരങ്ങളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്.