ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ പണ്ട് കാലം മുതൽക്കേ ഉപയോഗിച്ച് വരുന്ന ഒന്നാണ് നെയ്യ്. വിറ്റാമിൻ എ, ഇ, കെ എന്നിവയാൽ സമ്പുഷ്‌ടമായ നെയ്യിൽ ചർമ്മത്തിന്‍റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങൾ, ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ, ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ എന്നിവയും ഇതിൽ ധാരാളമുണ്ട്. ചർമ്മം വരണ്ടു പോകുന്നത് തടയാൻ ഒരു പ്രകൃതിദത്ത മോയ്‌സ്‌ചറൈസറായി നെയ്യ് പ്രവർത്തിക്കും. ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകയും മൃദുവാക്കുകയും വരണ്ട പാടുകൾ ഇല്ലാതാക്കുകയും ചെയ്യും.
നെയ്യിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ ചർമ്മത്തിന്‍റെ ഇലാസ്‌തികത മെച്ചപ്പെടുത്താനും പാരിസ്ഥിതിക നാശത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും. ഇത് ചർമ്മത്തെ യുവത്വമുള്ളതായി നിലനിർത്താനും ഗുണം ചെയ്യും. കൂടാതെ ഇവയിലെ വിറ്റാമിനുകളും പോഷകങ്ങളും ചർമ്മത്തിന് തിളക്കം നൽകുകയും ചർമ്മത്തിലെ നേർത്ത വരകൾ, വീക്കം, കണ്ണിന് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങൾ എന്നിവ കുറയ്ക്കാനും സഹായിക്കും. ഒരു പ്രകൃതിദത്ത ലിപ് ബാമായും നെയ്യ് ഉപയോഗിക്കാം വരണ്ടതോ തണുത്തതോ ആയ കാലാവസ്ഥയിൽ ചുണ്ടുകൾ വിണ്ടു കീറുന്നത് തടഞ്ഞ് മൃദുലമായി നിലനിർത്താനും ഇത് ബെസ്‌റ്റാണ്.
സൂര്യതാപം മൂലമുണ്ടാകുന്ന പൊള്ളൽ സുഖപ്പെടുത്താനും ചുവപ്പ് നിറം, മറ്റ് അസ്വസ്ത്ഥതകൾ എന്നിവ കുറയ്ക്കാനും നെയ്യ് ഉപകരിക്കും. ചർമ്മത്തിന്‍റെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. മൃതകോശങ്ങൾ നീക്കം ചെയ്യാനും ചർമ്മത്തിലെ സ്വാഭാവിക എണ്ണ നിലനിർത്താനും നെയ്യ് ഫലപ്രദമാണ്. കൂടുതൽ ഫലം ലഭിക്കാൻ കറ്റാർവാഴ ജെല്ലിനോടൊപ്പം നെയ്യ് ഉപയോഗിക്കുക. കൈകാലുകളുടെ പരിചരണത്തിനും നെയ്യ്ത മികച്ചതാണ്. പരുക്കനും വരണ്ടതുമായ കൈകാലുകൾ മൃദുവാക്കാൻ നെയ്യിന്‍റെ ഉപയോഗം ഗുണം ചെയ്യും. രാത്രി കിടക്കുന്നതിനു മുമ്പ് നെയ്യ് കാലിൽ പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് കാലിലെ വിണ്ടുകീറൽ സുഖപ്പെടുത്താൻ സഹായിക്കും.
നെയ്യിനോടൊപ്പം അൽപം കടലപ്പൊടിയും ഒരു നുള്ള് മഞ്ഞളും ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്‍റെ തിളക്കം വർധിപ്പിക്കും. മുഖക്കുരു പരിഹരിക്കാനും നെയ്യ് ഉപയോഗിക്കാറുണ്ട്. ഇത് മുഖക്കുരുവിന്‍റെ വലുപ്പം, ചുവപ്പ് നിറം എന്നിവ കുറയ്ക്കാൻ സഹായിക്കും. എന്നാൽ കൂടുതൽ എണ്ണമയമുള്ളതോ മുഖക്കുരു സാധ്യത കൂടുതലുള്ളതോ ആയ ചർമ്മത്തിൽ മിതമായ അളവിൽ മാത്രമേ നെയ്യ് ഉപയോഗിക്കാവൂ.
പതിവായി നെയ്യ് ഉപയോഗിക്കുന്നത് ചർമ്മത്തിൽ ജലാംശം നിലനിർത്താനും കേടുപാടുകൾ ഇല്ലാതാക്കാനും സഹായിക്കും. ഇതിലൂടെ ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം സ്വന്തമാക്കാനാകും. അതേസമയം സെൻസിറ്റീവായതും മുഖക്കുരു സാധ്യത കൂടുതലുള്ളതുമായ ചർമ്മമുള്ളവരിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ മുഖത്തോ ശരീരത്തിലോ നെയ്യ് ഉപയോഗിക്കുന്നതിന് മുൻപ് ഒരു പച്ച് ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യമാണ്. മികച്ച ഫലങ്ങൾ ലഭിക്കുന്നതിന് ഉയർന്ന ഗുണനിലവാരമുള്ളതും ഉപ്പ് അടങ്ങിയിട്ടില്ലാത്തതുമായ നെയ്യ് ഉപയോഗിക്കാനും ശ്രദ്ധിക്കുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read :
1. മുടി കട്ടിയുള്ളതായും ആരോഗ്യത്തോടെയും നിലനിർത്താം; കറിവേപ്പില ഈ രീതിയിൽ ഉപയോഗിക്കൂ
2. ചർമ്മത്തിലെ സകല പ്രശ്‌നങ്ങളും പരിഹരിക്കാം; തേൻ ഈ രീതിയിൽ ഉപയോഗിക്കൂ