തൃശൂര്‍: പേരാമംഗലം പുറ്റേക്കര അരുൺ ലാൽ (38) കൊലപാതക കേസിലെ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) ആണ് അറസ്റ്റില്‍. ഡിസംബര്‍ 26നാണ് കേസിനാസ്‌പദമായ സംഭവം. അന്നേ ദിവസം രാത്രി 10.30 ഓടെയാണ് അരുണ്‍ലാലിനെ പുറ്റേക്കരയില്‍ ഇടവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണ്‍ ലാലിന്‍റെ മുഖത്തും ശരീരത്തിലും മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്‌ടര്‍ അരുൺ ലാലിന്‍റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണം ഊര്‍ജിതമാക്കി. കിഴക്കേകോട്ടയില്‍ ബേക്കറി ജീവനക്കാരനാണ് അറസ്റ്റിലായ ടിനു. ഇരുവരും സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. കൊല്ലപ്പെട്ട അരുണ്‍ ലാലിന്‍റെ ശീലങ്ങള്‍ മനസിലാക്കിയ പൊലീസ് സംഘം നഗരത്തിലെ ബാറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു.
ഇവിടെ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ കൊല്ലപ്പെട്ട ദിവസം അരുണ്‍ ഏറെ വൈകിയും ബാറില്‍ ഇരുന്ന് മദ്യപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടിനു പിടിയിലായത്. ഇരുവരും ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നു.
പ്രണയത്തെ ചൊല്ലി കളിയാക്കിയത് പ്രകോപിതനാക്കി: അരുണ്‍ ലാലിനോട് ടിനു താന്‍ ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അരുണ്‍ ഇതിനെ ചൊല്ലി ടിനുവിനെ കളിയാക്കി സംസാരിച്ചു. യുവതി ടിനുവിനോട് പിന്നീട് സംസാരിക്കാതിരുന്നത് അരുണ്‍ ലാല്‍ കാരണമാണെന്ന് ടിനു ധരിച്ചു. ഇതോടെ ടിനുവിന് അരുണ്‍ ലാലിനോട് വൈരാഗ്യമായി.
കൊല്ലപ്പെട്ട ദിവസം തൃശൂരിലെ ബാറിലെത്തി മദ്യപിച്ച് മദ്യലഹരിയില്‍ റോഡരികില്‍ നിന്നിരുന്ന അരുണിന്‍റെ അടുത്തേക്ക് ടിനു ബൈക്കില്‍ എത്തുകയും വീട്ടില്‍ എത്തിക്കാം എന്നു പറഞ്ഞ് ബൈക്കില്‍ കയറ്റുകയും ചെയ്‌തു. എന്നാല്‍ വീടെത്തുന്നതിന് മുമ്പ് തന്നെ അരുണിനെ വഴിയില്‍ ഇറക്കി മര്‍ദിക്കുകയായിരുന്നു. നിലത്ത് വീണ അരുണിന്‍റെ തലയിലും മുഖത്തും കാലുകൊണ്ട് ചവിട്ടി.
ഇതിനെ തുടർന്ന് താടിയെല്ലും മൂക്കിന്‍റെ എല്ലും കഴുത്തിലെ കശേരുക്കളും പൊട്ടുകയുണ്ടായി. മര്‍ദനത്തിനിടെ തലക്കേറ്റ ക്ഷതമാണ് മരണകാരണം. പേരാമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ വി അശോക് കുമാറും സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.