തൃശൂർ: ലോക്ക് ഡൗണിൽ വ്യാജവാറ്റും ചീട്ടുകളി സംഘങ്ങളും വ്യാപകമായ പുതുക്കാട് മേഖലയിൽ ഹെലി ക്യാമറയുമായെത്തിയ സ്വകാര്യ സ്റ്റുഡിയോ പൊലീസിന് തുണയായി. തൃക്കൂർ, പുതുക്കാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് ഡ്രോൺ നിരീക്ഷണം നടത്തിയത്. കല്ലൂർ നായരങ്ങാടിയിലെ സ്വകാര്യ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ഡ്രോൺ നിരീക്ഷണം നടത്തുന്നത്.
ബുധനാഴ്ച പുതുക്കാട് പഞ്ചായത്തിലെ കണ്ണമ്പത്തൂർ, കാഞ്ഞൂപ്പാടം, തൃക്കൂർ പഞ്ചായത്തിലെ മതിക്കുന്ന്, പൂണിശ്ശേരിക്കുന്ന് ഭാഗങ്ങളിൽ പൊലീസ് ഡ്രോൺ നിരീക്ഷണം നടത്തി. വ്യാഴാഴ്ച ചീനിക്കുന്ന്, കുറുമാലി, പ്രജ്യോതി കോളേജ് പരിസരം, തൃക്കൂർ പഞ്ചായത്തിന്‍റെ കിഴക്കൻ മലയോര പ്രദേശങ്ങളിലും നിരീക്ഷണമുണ്ടായി. പുതുക്കാട് എസ്.പി. സുധീരൻ, എസ്ഐ കെ.എൻ. സുരേഷ് എന്നിവർ ഡ്രോൺ നിരീക്ഷണത്തിന് നേതൃത്വം നൽകി.