തൃശൂര്‍: പത്രപ്രവർത്തക യൂണിയൻ സമ്മേളനത്തിലെത്തിയ കേന്ദ്ര സഹമന്ത്രി വി.മുരളീധരന് നേരെ പ്രതിഷേധം. സഹപ്രവർത്തകയെ വീടുകയറി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത തിരുവനന്തപുരത്തെ ആരോപണ വിധേയനായ മാധ്യമപ്രവർത്തകനെ ന്യായീകരിച്ചും ഇരയെ വിമർശിച്ചും സമ്മേളനത്തിൽ സംസാരിച്ചെന്നാരോപിച്ചായിരുന്നു വനിതാ മാധ്യമപ്രവർത്തകർ മുരളീധരനെ ഉപരോധിച്ചത്.
പരാമർശം ശരിയായില്ലെന്ന് പ്രതിഷേധമായി മാധ്യമപ്രവർത്തകർ കേന്ദ്രമന്ത്രിയെ അറിയിച്ചു. വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും മുരളീധരൻ മാധ്യമപ്രവര്‍ത്തകരുടെ വാദത്തിന് മറുപടി നല്‍കി. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ ആദര സമ്മേളന ഉദ്ഘാടകനായിരുന്നു വി.മുരളീധരൻ. പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ആരോപണ വിധേയനെ ന്യായീകരിച്ചും തുല്യനീതി വേണമെന്നും ആവശ്യപ്പെട്ടുമുള്ള മന്ത്രിയുടെ പരാമർശം.
ആരോപിതന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും ചിലർ ചെയ്യുമ്പോൾ തെറ്റും ചിലർ ചെയ്യുമ്പോൾ ശരിയും ആകരുതെന്നും നിഷ്പക്ഷത വേണമെന്നും തുല്യത പാലിക്കണമെന്നുമായിരുന്നു മുരളീധരന്റെ വിവാദ പരാമർശം. പ്രസംഗം കഴിഞ്ഞ് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു വനിതാ മാധ്യമപ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.