തൃശൂർ : ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും നിരോധിത നോട്ടുകള്‍ ലഭിക്കുന്നത് തുടര്‍ക്കഥ. ഇതുവരെ ലഭിച്ചത് ഒരുകോടി മുപ്പത്തഞ്ച് ലക്ഷം രൂപയുടെ നിരോധിത നോട്ടുകളാണ്. നോട്ട് നിരോധിച്ച് അഞ്ച് വർഷം കഴിഞ്ഞിട്ടും ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും ലഭിക്കുന്ന റദ്ദാക്കപ്പെട്ട നോട്ടുകള്‍ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ദേവസ്വം അധികൃതർ.
1000 രൂപയുടെ 36നോട്ടുകളും, 500 ന്‍റെ 57നോട്ടുകളും അടക്കം 64,000 ത്തോളം രൂപയുടെ നിരോധിത നോട്ടുകളാണ് ഒടുവില്‍ ഭണ്ഡാരം എണ്ണിയപ്പോൾ ലഭിച്ചത്. ഇതുവരെ ലഭിച്ച ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നിരോധിത നോട്ടുകള്‍ അധികൃതർ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. പഴയകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന 100രൂപയുടെ ഒരു നോട്ടും ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചു.
ALSO READ:അവഹേളനത്തിനിരയായ വിദേശി ഫോര്‍ട്ട് എ.സിയുമായി കൂടിക്കാഴ്ച നടത്തി ; പൊലീസിന് പ്രശംസ
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഡിസംബര്‍ മാസത്തെ ഭണ്ഡാരവരവ് 5,51,64,436 രൂപയാണ്. ഇതിനുപുറമെ 4.135 കിലോ സ്വര്‍ണവും, 11.260 കിലോ വെള്ളിയും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണല്‍ ചുമതല.