തൃശൂര്‍: സേഫ് ആന്‍റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയെ പത്തു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 28ന് വൈകിട്ട് 5 വരെയാണ് കസ്റ്റഡി കാലാവധി. അതേസമയം പ്രവീണ്‍ റാണയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം മുപ്പതിലേയ്ക്ക് മാറ്റി.
പണം കായ്ക്കുന്ന മരം പകുതിക്ക് വച്ച് മുറിക്കരുതെന്ന് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ റാണ പ്രതികരിച്ചു. ഇത് ബിസിനസ് റവല്യൂഷനാണ്. അത് നിങ്ങള്‍ക്ക് പിന്നീട് മനസിലാകുമെന്നുമായിരുന്നു റാണയുടെ പ്രതികരണം.
കസ്റ്റഡിയിൽ തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പ്രവീണ്‍ റാണയിൽ നിന്നും ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പ്രവീണിന്‍റെ രണ്ട് അക്കൗണ്ടുകളുടെ വിശദാംശങ്ങളും ഇയാളില്‍ നിന്ന് ലഭിച്ച ലാപ് ടോപ്പും ആറ് ഹാര്‍ഡ് ഡിസ്‌കുകളും പൊലീസ് സൈബര്‍ വിഭാഗം പരിശോധിച്ചിരുന്നു. ബിനാമി ഇടപാടുകളെ കുറിച്ചുള്ള വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രവീൺ റാണയുടെയും ബിനാമികളുടെയും പേരിലുള്ള ഭൂമി ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം നടത്തിവരുന്നത്. കേരളത്തിലും ബെംഗളൂരുവിലുമായി വിവിധ സ്ഥലങ്ങളിൽ ഇയാളും ബിനാമികളും ചേർന്ന് ഭൂമിയിടപാടുകൾ നടത്തിയിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം.
മഹാരാഷ്‌ട്രയിൽ വെൽനസ് ഹോസ്‌പിറ്റാലിറ്റി മേഖലയില്‍ നിക്ഷേപം നടത്തിയതും അന്വേഷിക്കുന്നുണ്ട്. അതേസമയം പാലക്കാട്, വിയ്യൂർ സ്റ്റേഷനുകളിലെ 15 കേസുകളിൽ കൂടി പ്രവീൺ റാണയുടെ ഫോര്‍മല്‍ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പ്രവീൺ റാണയെ തൃശൂര്‍ ഈസ്റ്റ് പൊലീസ് അസ്റ്റ് ചെയ്‌തത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി സുനില്‍ ഹാജരായി.