തൃശൂർ: തൃശൂർ ട്രാഫിക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ല. വലക്കാവ് സ്വദേശി രാജനെയാണ് ഡിസംബർ ഒന്ന് മുതൽ കാണാതായത്. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്‌സിലായിരുന്നു രാജൻ താമസിച്ചിരുന്നത്. ഇയാളുടെ മുറിയിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും മോതിരവും കണ്ടെത്തി. ഡിപ്പാർട്ട്‌മെന്‍റ് പരീക്ഷയിൽ വിജയിച്ചതിനാൽ സ്ഥാനക്കയറ്റത്തോടെ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായി രണ്ടാം തീയതി ചുമതലയേൽക്കേണ്ടതായിരുന്നു.
എന്നാൽ പഴയ തസ്‌തികയിൽ തുടരാൻ അനുവദിക്കണമെന്ന് കമ്മിഷണറോട് ആവശ്യപ്പെട്ടിരുന്നു. ഫയൽ സംബന്ധമായ ജോലികൾ ചെയ്യാനുള്ള ബുദ്ധിമുട്ട് മൂലം പഴയ ജോലിയിലേക്ക് മടക്കി വിടണമെന്ന അപേക്ഷയാണ് നൽകിയത്. എന്നാൽ കമ്മിഷണർ അത് അനുവദിച്ചില്ല. മനോവിഷമത്തെ തുടർന്ന് രാജൻ നാടുവിട്ടതാണെന്നാണ് സൂചന. രാജനെ കാണാതായതിന്‍റെ കാരണം വീട്ടുകാർക്കും വ്യക്തമല്ലെവന്ന് ഈസ്റ്റ് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് ക്രൈം കാർഡ് പുറത്തിറക്കി.