തൃശൂർ: ഒളിമ്പ്യൻ മയൂഖ ജോണിക്കും മറ്റ് ഒൻപത് പേർക്കുമെതിരെ വ്യാജ ബലാത്സംഗ ആരോപണം ഉന്നയിച്ചതിന് കേസെടുത്ത് പൊലീസ്. മയൂഖ ജോണിക്ക് പുറമെ ഒരു സ്വതന്ത്ര മത സംഘടനയിലെ ഭാരവാഹികൾക്കെതിരെയാണ് കോടതി നിർദേശത്തെ തുടർന്ന് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
മതസംഘടനയുടെ മുൻ ട്രസ്റ്റി സാബുവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പീഡന കേസിലെ പരാതിക്കാരിയുടെ വീട്ടിൽ താൻ ഭീഷണി നോട്ടീസ് കൊണ്ട് പോയിട്ടു എന്ന മയൂഖ ജോണിയുടെ ആരോപണം തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സാബു പരാതി നൽകിയത്.
Also Read: സ്ത്രീധന പീഡനം തടയാൻ ഡൗറി പ്രൊഹിബിഷന്‍ ഓഫീസർ, ചട്ടങ്ങളില്‍ ഭേദഗതിയുമായി സർക്കാർ
ഭീഷണി നോട്ടീസ് മയൂഖയും സംഘവും തന്നെ കൊണ്ടിട്ടതാണെന്നും ഇതിന്‍റെ തെളിവുകൾ അടങ്ങിയ സിഡി കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും സാബു പറയുന്നു. 2016 ൽ തന്‍റെ സുഹൃത്തിനെ ബലാത്സംഗം ചെയ്‌ത കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേരള പൊലീസിനും സംസ്ഥാന വനിതാ കമ്മിഷന്‍റെ മുൻ ഉദ്യോഗസ്ഥർക്കും എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് കഴിഞ്ഞ മാസം മയൂഖ ജോണി പത്രസമ്മേളനം നടത്തിയിരുന്നു.
തന്‍റെ സുഹൃത്തിനെ ചുങ്കത്ത് ജോൺസൺ എന്നയാൾ ബലാത്സംഗം ചെയ്‌തുവെന്നായിരുന്നു മയൂഖയുടെ ആരോപണം. ഇയാൾ അന്ന് സുഹൃത്തിന്‍റെ നഗ്ന ഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയിരുന്നെന്നും മയൂഖ ആരോപിച്ചിരുന്നു. സ്വാധീനം ചെലുത്തിയതിനാലാണ് പ്രതിക്കെതിരെ നടപടി എടുക്കാത്തതെന്നും മയൂഖ ആരോപിച്ചിരുന്നു.