തൃശ്ശൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം മുഹമ്മദാലി ജിന്നയുടെ 1920 ലെ പാകിസ്ഥാൻ വാദ പ്രമേയത്തിനു തുല്യമെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്. കമ്യൂണിസ്റ്റുകാരും കോൺഗ്രസും മുസ്ലീംലീഗും ചേർന്ന് കേരളത്തിൽ വിഘടനവാദം വളർത്തുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ വേറിട്ട രാജ്യമാക്കിമാറ്റാനാണ് നീക്കം. ഭരണഘടനാവരുദ്ധവും ഫെഡറലിസത്തിന്റെ കടക്കൽ കത്തിവക്കുന്നതുമാണ് ഈ നീക്കം. കേരളത്തിലെ ദേശസ്നേഹികൾ ഇതിനെതിരെ രംഗത്ത് വരണമെന്നും കൃഷ്ണദാസ് പറഞ്ഞു. വിഭജനകാലത്തെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ദേശീയ വിരുദ്ധ നീക്കങ്ങളാണ് കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി നടത്തുന്നത്.
കേരളത്തിന് പുറത്തുനിന്നുള്ള ഭരണഘടനാ പദവി വഹിക്കുന്ന എല്ലാവരും ഇവിടെ ആക്രമിക്കപ്പെടുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മണിപ്പൂർ ഗവർണർ നജ്മ ഹെപ്തുള്ള തുടങ്ങിയവർക്കെതിരായ അക്രമങ്ങൾ വിഘടനവാദത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തിലും വിഘടനവാദികൾ ദേശീയ നിലപാടുള്ള മുസ്ലീംനേതാക്കളെ ആക്രമിച്ചിട്ടുണ്ട്. കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. കേരള നിയമസഭ ഇതിനുമുൻപും ദേശവിരുദ്ധ ശക്തികൾക്കുവേണ്ടി പ്രമേയം പാസാക്കിയിട്ടുണ്ട്. മുൻ ആഭ്യന്തര സഹമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രന് സി.പി.എമ്മിന്റെ ദേശവിരുദ്ധ സമീപനങ്ങളെക്കുറിച്ച് കൃത്യമായ അറിവുള്ളതിനാലാണ് യോജിച്ചുള്ള സമരത്തെ എതിർക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.