തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. പെട്രോളിയം ആൻഡ് എക്‌സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ ആണ് അനുമതി നൽകിയത്. പൂരത്തിനോടനുബന്ധിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴാണ് വെടിക്കെട്ടിന് അനുമതി ലഭിച്ചിരിക്കുന്നത്. സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനുമാണ് അനുമതി. കൊവിഡ് പശ്ചാത്തലത്തിൽ പൂരം ചടങ്ങുകൾക്ക് എത്തുവാൻ ആഗ്രഹിക്കുന്ന 45 വയസ് കഴിഞ്ഞവർ കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റും 45 വയസ് തികയാത്തവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണമെന്നാണ് നിബന്ധന വച്ചിട്ടുള്ളത്.
തൃശൂർ പൂരത്തിൻ്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് പൂരം വെടിക്കെട്ടും സാമ്പിൾ വെടിക്കെട്ടും. തിരുവമ്പാടി - പാറമേക്കാവ് വിഭാഗങ്ങൾ വാശിയോടെയാണ് വ്യത്യസ്‌തവും ശ്രദ്ധേയവുമായ ഇനങ്ങളാണ് വെടിക്കെട്ടിൽ ഓരോ വർഷവും അവതരിപ്പിക്കുന്നത്. പുതിയ ഇനങ്ങൾ രഹസ്യമാക്കി വച്ചാണ് ഇരു വിഭാഗവും പുറത്തിറക്കുന്നത്. ആകാശത്തെ വർണ ഭംഗിക്കൊപ്പം ശബ്‌ദഘോഷങ്ങളും മേഘ ഗർജനങ്ങളും വെടിക്കെട്ടു പ്രേമികളിൽ ആവേശം നിറക്കുന്നതാണ്.