തൃശ്ശൂർ: കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പെയ്‌ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പീച്ചി ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു. പരമാവധി സംഭരണ ശേഷിയിൽ എത്തിയതിനെ തുടർന്നാണ് നാല് ഷട്ടറുകളിൽ രണ്ടെണ്ണം അഞ്ച് സെന്‍റീമീറ്റർ വീതം ഉയർത്തിയത്. മന്ത്രി എ സി മൊയ്‌തീന്‍റെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് ഷട്ടറുകൾ തുറന്നത്. മുൻകരുതലിന്‍റെ ഭാഗമായി ജലനിരപ്പ് നിയന്ത്രിക്കുന്നതിനാണ് വെള്ളം തുറന്ന് വിടുന്നത്.
സംഭരണശേഷിയുടെ 80 ശതമാനം എത്തിയപ്പോഴാണ് പീച്ചി ഡാമിലെ വെള്ളം തുറന്നു വിട്ടിരിക്കുന്നത്. 79.25 മീറ്റർ ആണ് ഡാമിലെ പരമാവധി സംഭരണശേഷി. മുൻകാലങ്ങളിൽ ഡാം തുറക്കുമ്പോൾ പീച്ചി ചെറുകിട ജലവൈദ്യുതപദ്ധതിക്ക് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി വെള്ളം നൽകാറുണ്ട്. ഇതിലൂടെ 1.25 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചിരുന്നത്. യന്ത്രങ്ങൾ തകരാറിലായതിനെത്തുടർന്ന് ഇത്തവണ വൈദ്യുതി ഉത്‌പാദനം നിർത്തിവച്ചിരിക്കുകയാണ്. ഡാം തുറന്ന സാഹചര്യത്തിൽ മണലിപ്പുഴയുടെയും കരുവന്നൂർ പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.