ഓട് വ്യവസായത്തിനും ആയുർവേദത്തിനും പേരുകേട്ട നാടാണ് ഒല്ലൂർ. തൃശൂർ കോർപറേഷനിലെ പതിനാല് വാർഡും മാടക്കത്തറ, നടത്തറ, പാണഞ്ചേരി, പുത്തൂർ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊളളുന്ന നിയമസഭ മണ്ഡലമാണ് ഒല്ലൂർ.
മണ്ഡല ചരിത്രം
തുടർച്ചയായി ആരോടും സ്ഥിരമായി സ്നേഹം സൂക്ഷിക്കാത്ത മണ്ഡലമാണ് ഒല്ലൂർ. 1970 മുതൽ 1987 വരെ തുടർച്ചയായി കോൺഗ്രസ് എംഎൽഎമാരെ ജയിപ്പിച്ചതിന് ശേഷം ഇന്നുവരെ തുടർച്ചയായി ഒല്ലൂർ ആർക്കൊപ്പവും നിന്നിട്ടില്ല. കോൺഗ്രസിന്‍റെ പി.ആർ ഫ്രാൻസിസാണ് മണ്ഡലത്തെ ഏറ്റവും കൂടുതൽ പ്രതിനിധീകരിച്ച എംഎൽഎ. നാലു വട്ടമാണ് അദ്ദേഹം ഒല്ലൂരിനെ പ്രതിനിധീകരിച്ച് കേരള നിയമസഭയിൽ എത്തിയത്. 1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ തൊഴിലാളി നേതാവായ പി.ആർ ഫ്രാൻസിസ് ഒല്ലൂരിന്‍റെ ആദ്യ എംഎൽഎ ആയി. 1967-ൽ എ.വി ആര്യൻ കോൺഗ്രസിൽ നിന്ന് മണ്ഡലം പിടിച്ചെടുത്തു. 1970-ലെ തെരഞ്ഞെടുപ്പിൽ പി.ആർ തന്നെ മണ്ഡലം സിപിഐയിൽ നിന്ന് തിരിച്ചുപിടിച്ചു. തുടർന്നുളള 17 കൊല്ലവും കോൺഗ്രസ് എംഎൽഎമാരാണ് ഒല്ലൂരിനെ പ്രതിനിധീകരിച്ചത്. ഇതിൽ തന്നെ കോൺഗ്രസിന്‍റെ പിളർപ്പിലൂടെ ഇടതുപക്ഷത്തിനൊപ്പം പോയ ആന്‍റണി കോൺഗ്രസിന്‍റെ പി.ആർ ഫ്രാൻസിസിനെ തോൽപിച്ചാണ് കോൺഗ്രസ് മണ്ഡലം നിലനിർത്തിയത്. പിന്നീട് ഒരു പാർട്ടിക്കും ഒല്ലൂർ മണ്ഡലത്തിൽ തുടർച്ചയായി വിജയിക്കാൻ ആയിട്ടില്ല. 1987-1996-2006-2016 വർഷങ്ങളിൽ സിപിഐയും 1991-2001-2011 എന്നീ വർഷങ്ങളിൽ കോൺഗ്രസും ഒല്ലൂരിൽ നിന്ന് വിജയിച്ചു.
മണ്ഡലത്തിന്‍റെ രാഷ്‌ട്രീയം
ആരോടും അമിതമായ സ്നേഹം പ്രകടിപ്പിക്കാത്ത ഒരു മണ്ഡലമായത്തിനാൽ തന്നെ മുന്നണികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഒല്ലൂർ മണ്ഡലം. ലോക്‌സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉണ്ടായ നേട്ടം ഈ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഒല്ലൂർ സെന്‍ററിന്‍റെ വികസനവും സുവോളജി പാർക്കിന്‍റെ വികസനവുമൊക്കെയാണ് പ്രധാന ചർച്ച വിഷയം.
2011 ലെ നിയമസഭ തെരഞ്ഞെടുപ്പ്
74.47 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 1,31,718 പേർ വോട്ട് ചെയ്തു. 6247 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസിന്‍റെ എം.പി വിൻസന്‍റ് സിപിഐയുടെ രാജാജി മാത്യുവിനെ പരാജയപെടുത്തി. 2011-ലെ തെരഞ്ഞെടുപ്പിൽ എം.പി വിൻസന്‍റിന് 64823 (49.21%) വോട്ടും രാജാജി മാത്യുവിന് 58576 (44.47%) വോട്ടും ബിജെപി സ്ഥാനാർഥി സുന്ദരരാജൻ മാസ്റ്റർക്ക് 6761 (5.13%) വോട്ടും ലഭിച്ചു.
2016 ലെ നിയമസഭ തെരഞ്ഞെടുപ്പ്
77.93 ശതമാനം പോളിങ് രേഖപെടുത്തിയ തെരഞ്ഞെടുപ്പിൽ 1,50,719 പേർ വോട്ട് രേഖപെടുത്തി. 13,248 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിപിഐയുടെ കെ രാജൻ സിറ്റിങ് എംഎൽഎ ആയിരുന്ന കോൺഗ്രസിന്‍റെ എംപി വിൻസെന്‍റിനെ പരാജയപെടുത്തി മണ്ഡലം തിരിച്ചു പിടിച്ചു. കെ രാജൻ പിണറായി സർക്കാരിൽ ക്യാബിനറ്റ് റാങ്കുളള ചീഫ് വിപ്പായിരുന്നു. കെ.രാജന് 71666 (47.55%) വോട്ടും വി.പി വിൻസെന്‍റിന് 58418 (38.76%) വോട്ടും ബിജെപി സ്ഥാനാർഥി പി.കെ സന്തോഷിന് 17,650 (11.74%) വോട്ടും ലഭിച്ചു.
2020 തദ്ദേശം തെരഞ്ഞെടുപ്പ്
നാല് ഗ്രാമപഞ്ചായത്തും പതിനാല് കോർപറേഷൻ വാർഡുകളും ചേർന്നതാണ് നിയോജക മണ്ഡലം
മാടക്കത്തറ എൽഡിഎഫ്
നടത്തറ എൽഡിഎഫ്
പാണഞ്ചേരി എൽഡിഎഫ്
പുത്തൂർ എൽഡിഎഫ്
തൃശൂർ കോർപറേഷനിലെ പതിനാല് വാർഡുകളിൽ എട്ട് വാർഡുകൾ യുഡിഎഫും അഞ്ച് വാർഡുകളിൽ എൽഡിഎഫും ഒരു വാർഡിൽ സ്വതന്ത്രനും വിജയിച്ചിരുന്നു.
2021-ലെ നിയമസഭ തെരഞ്ഞെടുപ്പ്
എൽഡിഎഫിനു വേണ്ടി സിറ്റിങ് എംഎൽഎയും സിപിഐ നേതാവുമായ കെ.രാജൻ തന്നെയാണ് സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ജോസ് വള്ളൂരാണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥിയായി ബിജെപി സംസ്ഥാന നേതാവ് ബി.ഗോപാലകൃഷ്ണനാണ് മത്സരിക്കുന്നത്.