കോഴിക്കോട്: ചക്കിട്ടപ്പാറ വില്ലേജ് ഓഫിസിൽ വയോധികയായ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുതുകാട് പൊയ്‌കയില്‍ മേരി, മകൾ ജെസി എന്നിവരാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പരാതി പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടാത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്.
വീട്ടിലേക്കുള്ള വഴി കെട്ടിയടച്ച അയൽവാസിക്കെതിരെ ഇവർ പരാതി നൽകിയിരുന്നു. എന്നാല്‍, നടപടിയെടുക്കാന്‍ പൊലീസോ റവന്യു അധികൃതരോ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. നടപടി ആവശ്യപ്പെട്ട് വില്ലേജ് ഓഫിസിലെത്തിയ ഇരുവരും ബുധനാഴ്‌ച ഉച്ചവരെ ഓഫിസിന് പുറത്തിരുന്നു. എന്നാല്‍ പരിഹാരമുണ്ടായില്ല.
തുടർന്ന്, ഇരുവരും ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ദേഹത്ത് മണ്ണെണ്ണ ഒഴിയ്‌ക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പൊലീസ് ഉടൻ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റിയത് ദുരന്തം ഒഴിവാക്കാനിടയായി. സംഭവത്തെ തുടർന്ന് പൊലീസ് തഹസിൽദാറുമായി ചർച്ച നടത്തി.
വഴി കെട്ടിയടച്ച് മതിൽ കെട്ടിയോ എന്ന് പരിശോധിച്ചു. പരാതിയിൽ പറയുന്ന പ്രകാരം കൈയേറ്റം നടന്നിട്ടില്ലെന്നാണ് തഹസിൽദാരുടെ റിപ്പോർട്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, തങ്ങളുടെ വഴി കെട്ടിയടക്കാന്‍ അയൽവാസിക്ക് റവന്യൂ ജീവനക്കാർ ഒത്താശ ചെയ്‌തുവെന്നും പൊലീസ് കൈമലര്‍ത്തിയെന്നും അമ്മയും മകളും ആരോപിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ദരുടെ സഹായം തേടുക, അതിജീവിക്കുക. 'ദിശ' ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 0471-2552056.