തൃശൂർ: ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി വി.കെ ജയരാജ് പോറ്റിയെ തെരഞ്ഞെടുത്തു. കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ് ജയരാജ് പോറ്റി. വർഷങ്ങളായുള്ള ആഗ്രഹമാണ് സഫലമായതെന്നും ലോകത്തെ നിശ്ചലമാക്കിയ കൊവിഡ് മഹാമാരി മാറി ജനങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കാനാണ് അയ്യപ്പനോടുള്ള തന്‍റെ ആദ്യ പ്രാർത്ഥനയെന്നും ജയരാജ് പോറ്റി പ്രതികരിച്ചു.
ജയരാജ് പോറ്റി മുമ്പ് മാളികപ്പുറം മേൽശാന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ താഴെക്കാട് നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തിയാണ് ഇദ്ദേഹം. വൃശ്ചികം ഒന്നിന് നട തുറക്കുമ്പോൾ പുതിയ മേൽശാന്തിയാണ് പൂജ നടത്തുക. ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. എൻ വാസു, അംഗങ്ങളായ അഡ്വ. എൻ വിജയകുമാർ, അഡ്വ. കെഎസ് രവി, ശബരിമല സ്പെഷ്യൽ കമ്മിഷണർ മനോജ്, ദേവസ്വം കമ്മിഷണർ ബി.എസ് തിരുമേനി, ഹൈക്കോടതി നിരീക്ഷകൻ ജസ്റ്റിസ് കെ.പത്മനാഭന്‍ നായർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിലെ കൗശിക് കെ.വര്‍മയാണ് നറുക്കെടുത്തത്.