തൃശ്ശൂർ: പ്രളയത്തെ അതിജീവിച്ച് മത്സ്യകൃഷിയിൽ വിജയിച്ച തൃശ്ശൂർ സ്വദേശിക്ക് അഭിമാനർഹമായ നേട്ടം. ഓരുജലചെമ്മീൻ കർഷക വിഭാഗത്തിൽ രണ്ടാം സ്ഥാനമാണ് ശ്രീ നാരായണപുരം പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി കോന്നേക്കാട്ടുപറമ്പിൽ ഇസ്മയിലിന് ലഭിച്ചത്. ദേശീയ മത്സ്യ വികസന ബോർഡ് ഏർപ്പെടുത്തിയതാണ് പുരസ്കാരം.
ആറു വർഷം മുമ്പാണ് ശ്രീ നാരായണപുരം പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി കോന്നേക്കാട്ടുപറമ്പിൽ ഇസ്മയിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. തുടർന്ന് വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ബ്രാലം പ്രദേശത്ത് പത്തേക്കറിൽ ചെമ്മീൻ കൃഷി ആരംഭിക്കുകയായിരുന്നു. കൃഷി തന്റെ കഠിനാധ്വാനത്തിലൂടെ കരുപ്പിടിപ്പിച്ചുകൊണ്ടു വരുന്നതിനിടയിലാണ് കഴിഞ്ഞ പ്രളയത്തിൽ കൃഷിയിടം പൂർണമായും മുങ്ങുകയും 25 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തത്. എന്നാൽ മത്സ്യകർഷക വികസന നോഡൽ ഓഫീസിന്റെ സഹായത്തോടെ ഇസ്മായിൽ വീണ്ടും കൃഷിയിറക്കുകയായിരുന്നു. പ്രളയത്തിൽ നഷ്ടപ്പെട്ടതെല്ലാം ഇക്കുറി മികച്ച വിളവിലൂടെ ഇസ്മായിലിന് ലഭ്യമായി. ഒപ്പം തന്റെ അദ്ധ്വാനത്തിനും പ്രതിസന്ധികളിൽ തളരാത്ത മനസ്സിനുള്ള അംഗീകാരമായി ദേശീയ പുരസ്കാരം തേടിയെത്തി. ഓരുജലചെമ്മീൻ കർഷക വിഭാഗത്തിൽ ദേശീയ മത്സ്യ വികസന ബോർഡ് ഏർപ്പെടുത്തിയ പുരസ്കാരത്തിൽ രണ്ടാം സ്ഥാനമാണ് ഇസ്മായിലിന് ലഭിച്ചത്.
രാസവസ്തുക്കളോ ആന്റിബയോട്ടിക്കുകളോ ഉപയോഗിക്കാതെയും വെള്ളം മാറ്റാതെയുമുള്ള സുരക്ഷിത കൃഷിരീതിയാണിത്. ചെമ്മീൻ കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക് കൂട്ടാനും തീറ്റയുടെ അളവ് മറ്റു മാർഗങ്ങളെ അപേക്ഷിച്ച് പകുതിയാക്കാനും സാധിക്കുന്നതായി ഇസ്മയിൽ പറഞ്ഞു.
കേന്ദ്ര സർക്കാർ സ്ഥാപനമായ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടു കൂടിയാണ് ഇസ്മായിൽ കൃഷി ചെയ്യുന്നത്. അതോറിറ്റിയുടെ ഗവേഷണ വികസന കേന്ദ്രമായ രാജീവ് ഗാന്ധി ജലകൃഷി കേന്ദ്രത്തിന്റെ തിരുവനന്തപുരത്തെ പൊഴിയൂരിൽ സ്ഥാപിച്ചിട്ടുള്ള കടൽ മത്സ്യ ഹാച്ചറിയിൽ വികസിപ്പിച്ചെടുത്ത ഹൈഡ്രോട്രോഫിക് ഓട്ടോ റീസൈക്ലിങ് അക്വാകൾച്ചർ ടെക്നോളജി രീതിയാണ് കൃഷിയിൽ അവലംബിച്ചിട്ടുള്ളത്. പോണ്ടിച്ചേരിയിൽ നിന്ന് ആർജിസിഎ (രാജീവ് ഗാന്ധി സെന്റർ ഫോർ അക്വകൾച്ചർ) വഴി വിതരണം ചെയ്ത വനാമി ഇനത്തിൽപ്പെട്ട ചെമ്മീനാണ് കൃഷി ചെയ്തത്. 168 ദിവസം കൊണ്ട് വിളവെടുക്കുന്ന നാല് ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങളെയാണ് ഈ വർഷം നിക്ഷേപിച്ചത്. ഇതിൽ നിന്നും 8000 കിലോ ചെമ്മീൻ ഇത്തവണ വിളവ് ഇസ്മായിലിന് ലഭിച്ചു. പുരസ്‌കാരത്തിന്റെ നിറവിൽ തന്റെ കൃഷിക്ക് കൂടുതൽ സാങ്കേതിക സാധ്യതകൾ തേടുകയാണ് ഇസ്മായിലിന്റെ അടുത്ത ലക്ഷ്യം. ദേശീയ മത്സ്യകർഷക ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ ഇസ്മായിൽ പുരസ്കാരം ഏറ്റുവാങ്ങും.