തിരുവനന്തപുരം: മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്. പരാതിക്കാരി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് കറുത്ത പാന്‍റും വെള്ള ടീഷർട്ടുമാണ് പ്രതി ധരിച്ചിരുന്നത്. തലയിൽ ഒരു മഫ്ളറുമുണ്ടായിരുന്നു എന്നാണ് യുവതിയുടെ മൊഴി.
സംഭവത്തില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടികള്‍ ഊര്‍ജിതമാക്കാന്‍ തുടങ്ങിയത്. പ്രതിക്കെതിരെ ജാമ്യമില്ലാവകുപ്പുകളും ചുമത്തി. ദേഹത്ത് കയറിപ്പിടിച്ചെന്നും, ലൈംഗിക ചുവയോടെ സംസാരിച്ചെന്നും മൊഴി നല്‍കിയിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ആദ്യം ചുമത്തിയത്.
സംഭവം നടന്ന പലര്‍ച്ചെ നാല് മണിക്ക് തന്നെ യുവതി എയ്‌ഡ് പോസ്‌റ്റില്‍ വിവരം അറിയിച്ചെങ്കിലും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചില്ല. മ്യൂസിയം സ്‌റ്റേഷനില്‍ പരാതിപ്പെട്ടിട്ടും പൊലീസ് സംഭവം ഗൗരവമായെടുത്തില്ലെന്നും ആരോപണമുണ്ട്.
പ്രതി സഞ്ചരിച്ച കാർ ഏത് ദിശയിലേക്കാണ് പോയതെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും പരശോധിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. എൽഎംഎസ് ജംഗ്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം പ്രതി മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.