തൃശൂര്‍ : എടക്കളത്തൂരില്‍ മകന്‍റെ വെട്ടേറ്റ് അമ്മ മരിച്ചു (Mother dies after being stabbed by her son in Edkalathur, Thrissur). എടക്കളത്തൂര്‍ സ്വദേശിനി 68 വയസുള്ള ചന്ദ്രമതി ആണ് കൊല്ലപ്പെട്ടത്. എടക്കളത്തൂരിലെ വാടക വീട്ടില്‍ ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം നടന്നത്.
കുടുംബ വഴക്കിനിടെ ചന്ദ്രമതിയുടെ മകന്‍ സന്തോഷ് (38) അമ്മയെ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ചന്ദ്രമതിയുടെ തലക്കും താടിക്കുമാണ് വെട്ടേറ്റത്. വെട്ടിയ ശേഷം സന്തോഷ് തന്നെയാണ് വിവരം പേരാമംഗലം പൊലീസിനെ വിളിച്ച് അറിയിച്ചത്.
പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ചന്ദ്രമതി രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഉടന്‍ പൊലീസ് ആംബുലന്‍സ് വിളിച്ച് ചന്ദ്രമതിയെ തൃശൂര്‍ മെഡിക്കൽ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ചന്ദ്രമതി മരണത്തിന് കീഴടങ്ങുകയായിരുന്നു. സന്തോഷിനെ സംഭവ സ്ഥലത്ത് വച്ച് തന്നെ പേരമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറിയിച്ചത്.