തൃശൂർ: മണലിത്രയിൽ തൊഴിലുറപ്പ് തൊഴിലാളിയായ വിധവയുടെ വീടിന് നേരെ വാനരക്കൂട്ടത്തിന്‍റെ ആക്രമണം. തെക്കുംകര പഞ്ചായത്തിലെ കിഴക്കേക്കര കോളനിയിൽ കടാംതോട്ടിൽ സുഭദ്രയുടെ (59) വീട്ടിലാണ് 50ഓളം കുരങ്ങൻമാർ കൂട്ടത്തോടെയെത്തി താണ്ഡവമാടിയത്. 2 വർഷം മുൻപ് ഭർത്താവ് ശ്രീധരൻ മരണമടഞ്ഞതോടെ സുഭദ്ര തനിച്ചാണ് ഇവിടെ താമസം.
കഴിഞ്ഞ ദിവസ് തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വയോധിക കണ്ടത് വീട് കയ്യടക്കിയ വാനരകൂട്ടത്തെയാണ്. ഓട് മേഞ്ഞ വീടിൻ്റെ മേൽക്കൂര തകർത്തും വീടിനകത്തെ സാധനസാമഗ്രികൾ വലിച്ചു വാരിയിട്ടും കുരങ്ങൻമാർ വ്യാപക നാശനഷ്‌ടം വരുത്തി. ചോറും കറിയും റേഷനായി ലഭിച്ച 10 കിലോ അരിയും വീട്ടുപകരണങ്ങളുമൊക്കെ വാരിവലിച്ചിട്ട നിലയിലായിരുന്നു.
വീട്ടിലെ മീറ്റർ ബോർഡ് ഉൾപ്പെടെ വാനരൻമാർ തകർത്തു. വീടിനകം മുഴുവൻ വിസർജിച്ചും മറ്റും വൃത്തിഹീനമാക്കിയ നിലയിലാണ്. മേൽക്കൂരയിലെ ഓടുകൾ ഇളക്കിയെറിയുകയും മുറ്റത്തെ തെങ്ങുകളിൽ നിന്നും തേങ്ങകളിട്ട് കുടിക്കുകയും ചെയ്‌തു.
കുരങ്ങന്മാരെ കണ്ട് ഭയന്നോടിയ വീട്ടമ്മ കുറച്ചകലെ താമസിക്കുന്ന സഹോദരൻ കൃഷ്‌ണൻകുട്ടിയും നാട്ടുകാരുമായുമെത്തിയാണ് വാനരക്കൂട്ടത്തെ ഓടിച്ചത്. കാടിറങ്ങുന്ന വാനരന്മാർ പ്രദേശത്തെ പറമ്പുകളിൽ എത്താറുണ്ടെങ്കിലും ഇത്തരത്തിൽ ഒരു ആക്രമണം ആദ്യമായാണെന്ന് നാട്ടുകാർ പറയുന്നു. വാനരശല്യം ശാശ്വതമായി പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.