തൃശൂർ: ലൈസൻസില്ലാതെ രോഗികളെ പരിശോധിച്ച മോഹനൻ വൈദ്യരെ റിമാൻഡ് ചെയ്‌തു. ആള്‍മാറാട്ടം, വഞ്ചിക്കല്‍, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം തുടങ്ങിയ വകുപ്പുകളാണ് മോഹനൻ വൈദ്യർക്കെതിരെയുള്ള കേസ്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ റിമാൻഡിൽ വിട്ടു. മോഹനൻ വൈദ്യരുടെ തൃശൂർ പട്ടിക്കാട്ടെ ചികിത്സാകേന്ദ്രത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇതേ തുടർന്ന് വൈകിട്ടോടെ പട്ടിക്കാട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചികിത്സക്കായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ രോഗികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ജാമ്യമില്ലാക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യ വകുപ്പ് തന്നെ കുടുക്കിയതാണെന്നും മോഹനൻ വൈദ്യർ പ്രതികരിച്ചു.
രാത്രി 11 മണിയോടെയാണ് മോഹനൻ വൈദ്യരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. തൃശൂർ പട്ടിക്കാട് പാണഞ്ചേരിയിലുള്ള രായിരത്ത് ഹെറിറ്റേജ് റിസോർട്ടിൽ ചികിത്സയുണ്ടാകുമെന്ന് അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം മോഹനൻ വൈദ്യർ പങ്കുവച്ചിരുന്നു. അതിനായി ബന്ധപ്പെടേണ്ട നമ്പറും ഓരോ ദിവസങ്ങളിലും ചികിത്സ നടത്തുന്ന ഇടങ്ങളും മോഹനൻ വൈദ്യർ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. കൊവിഡ് 19 വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എന്ത് ചികിത്സയാണ് മോഹനൻ വൈദ്യർ ഇവിടെ നൽകുന്നതെന്ന വിവരങ്ങൾ തേടിയാണ് ഡിഎംഒയും പൊലീസും നേരിട്ടെത്തി പരിശോധന നടത്തിയത്. 'ജനകീയ നാട്ടുവൈദ്യശാല' എന്ന മോഹനൻ വൈദ്യരുടെ ചികിത്സാലയത്തിന്‍റെ പേരിൽ തൃശൂർ, കൊല്ലം, ആലപ്പുഴ, ബംഗളൂരു എന്നിവിടങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പരിശോധനയെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.