തൃശൂർ : കാട്ടൂരിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനി കിണറ്റിൽ മരിച്ച നിലയിൽ. കാട്ടൂർ വലക്കഴ സ്വദേശി ചാഴി വീട്ടിൽ അർജുനൻ ശ്രീകല ദമ്പതികളുടെ മകൾ ആർച്ചയെയാണ് (17) വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് (Missing Student From Kattoor Found Dead).
വെള്ളിയാഴ്‌ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. കുട്ടിയെ കാണാതായതിനെ തുടർന്ന് കാട്ടൂർ പൊലീസിൽ കുടുംബം പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ അടക്കം കുട്ടിയെ അന്വേഷിച്ച് കുടുംബം പോയിരുന്നു. പിന്നീട് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് സമീപത്തെ കിണറ്റിൽ ഞായറാഴ്‌ച പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് സംസ്‌കരിക്കും.
ALSO READ:Mother and Child Found Dead | കാസർകോട് അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ
അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ : കാസർകോട് ഉദുമയിൽ അമ്മയെയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി (Mother And Daughter Found Dead In Well Kasargod). അരമങ്ങാനം സ്വദേശിയും പ്രൈമറി സ്‌കൂളിലെ അധ്യാപികയുമായിരുന്ന റുബീന (30), മകൾ അനാന മറിയം (5) എന്നിവരാണ് മരിച്ചത്. സെപ്‌റ്റംബർ 15 ന് രാവിലെയാണ് അമ്മയെയും മകളെയും വീട്ടിൽ നിന്ന് കാണാതായത്.
തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് മേൽപറമ്പ് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഉച്ചയോടെ കിണറ്റിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
സമാന സംഭവം ചേമഞ്ചേരിയിലും : കോഴിക്കോട് ചേമഞ്ചേരിയിലും സമാന സംഭവം നടന്നിരുന്നു. ചേമഞ്ചേരി തുവ്വക്കോട് പോസ്‌റ്റോഫീസിന് സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിൻ്റെ ഭാര്യ ധന്യയെയും (35) ഒന്നര വയസുള്ള മകൾ പ്രാർഥനയെയുമാണ് മെയ് മാസം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി ചേമഞ്ചേരി കുറ്റിയിൽ ഗംഗാധരൻ നായരുടേയും സുധയുടേയും മകളാണ് ധന്യ.
മെയ് 10 ന് രാവിലെ 7 മണിയോടെയാണ് വീട്ടിലെ കിണറ്റിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രജിത്ത് വർഷങ്ങളായി യുഎഇയിൽ ഹെൽത്ത് സെൻ്ററിൽ ജോലി ചെയ്‌ത് വരികയാണ്. മൂത്ത മകൾ കല്യാണി ധന്യയുടെ അമ്മയുടെ വീട്ടിലായിരുന്നു. പ്രജിത്തിൻ്റെ അമ്മയ്‌ക്കൊപ്പമാണ് ധന്യയും മക്കളും താമസിച്ചത്.