തൃശൂർ : നാടുവിട്ട മൂന്ന് സ്‌കൂൾ വിദ്യാര്‍ഥികളെ മഹാരാഷ്ട്രയില്‍ നിന്ന് കണ്ടെത്തി (Missing School Students From Thrissur Found In Maharashtra) . കൂര്‍ക്കഞ്ചേരിയില്‍ നിന്ന് കാണാതായ ഒൻപതാം ക്ലാസ് വിദ്യാര്‍ഥികളെയാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പന്‍വേലില്‍ (Panvel) നിന്നാണ് കുട്ടികളെ കിട്ടിയതെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തെ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.
കൂര്‍ക്കഞ്ചേരി ജെ പി ഇ എച്ച് എസിലെ ( J P EH S Koorkenchery ) ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഒരു ആൺകുട്ടിയെയും രണ്ട് പെൺകുട്ടികളെയും ഇന്നലെ മുതലാണ് കാണാതായത്. ഇന്നലെ സ്‌കൂളിലേക്ക് പോയ കുട്ടികള്‍ മടങ്ങിവന്നില്ല. വൈകുന്നേരമായിട്ടും കുട്ടികള്‍ വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തുകയായിരുന്നു. അപ്പോഴാണ് മൂന്ന് കുട്ടികളെയും കാണാതായ വിവരം അറിഞ്ഞതെന്നും രക്ഷിതാക്കള്‍ പറയുന്നു.
Read Also: തൃശൂരിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ വടക്കാഞ്ചേരിയില്‍ കണ്ടെത്തി
രാത്രിയോടെ രക്ഷിതാക്കള്‍ നെടുപുഴ പൊലീസില്‍ പരാതി നല്‍കി. കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ നിന്നും പണമെടുത്തിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു. കുട്ടികളുടെ കൈയ്യില്‍ ഫോണുണ്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസും രക്ഷിതാക്കളെ അറിയിച്ചു. കുട്ടികളെ കണ്ടെത്താനാവാത്തതിൽ പൊലീസിനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. പരാതി നല്‍കി ഒരു ദിവസം പിന്നിട്ടിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചിരുന്നില്ലെന്നായിരുന്നു പരാതി.