തൃശൂർ: സുരക്ഷാ സംവിധാനങ്ങളില്ലാതെ ജോലി ചെയ്‌തിരുന്ന പുതുക്കാട് കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർക്ക് മന്ത്രി സി.രവീന്ദ്രനാഥിന്‍റെ ഇടപെടലിൽ മാസ്‌കുകൾ എത്തി. കൊവിഡ് 19 പ്രതിരോധ നടപടികൾ ശക്തമാക്കുന്ന സാഹചര്യത്തിൽ ഡിപ്പോയിലെ കണ്ടക്‌ടർമാർ ഉൾപ്പെടെ 150 ഓളം ജീവനക്കാർ മാസ്‌കില്ലാതെയാണ് ദിവസങ്ങളായി ജോലി ചെയ്തിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട മന്ത്രി സി.രവീന്ദ്രനാഥ് അളഗപ്പനഗറിൽ തയ്യൽ യൂണിറ്റ് നടത്തുന്ന ബിജുല ഷിബുവിനോട് മാസ്‌ക് തയ്യാറാക്കി നൽകാമോയെന്ന് അന്വേഷിക്കുകയായിരുന്നു.
ഇതേ തുടർന്ന് അളഗപ്പനഗർ മുൻ പഞ്ചായത്തംഗം കൂടിയായ ബിജുല 150 മാസ്‌കുകൾ സൗജന്യമായി നിർമിച്ചു നൽകി. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി ശിവരാജൻ കെഎസ്ആർടിസി ഡിപ്പോ ഇൻസ്പെക്‌ടർ ഇൻചാർജ് രാജരാജന് മാസ്‌കുകൾ കൈമാറി. പുതുക്കാട് ഹെൽത്ത് ഇൻസ്പെക്ടർ സി.എൻ. വിദ്യാധരനും പരിപാടിയിൽ പങ്കെടുത്തു. മന്ത്രിയുടെ നിർദേശാനുസരണം കെഎസ്ആർടിസി തൃശൂർ ഡിപ്പോയിലെ ജീവനക്കാർക്കും ബിജുല സൗജന്യമായി മാസ്‌കുകൾ എത്തിച്ചു നൽകി.