തൃശൂർ: അതിഥി സംസ്ഥാന തൊഴിലാളികളെ സ്വദേശത്തേക്ക് കൊണ്ടു പോകാൻ തൃശൂരിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് വൈകീട്ട് അഞ്ചിന് ആദ്യ ട്രെയിൻ തൃശൂർ റയിൽവെ സ്റ്റേഷനിൽ നിന്നും ബീഹാറിലെ ദർഭംഗയിലേക്ക് പുറപ്പെടും. ബീഹാറിലേക്ക് തൃശൂരിൽ നിന്നുള്ള ആദ്യ ട്രെയിനാണിത്. 1200 പേരെ ഇതിൽ കൊണ്ടുപോകും. ജില്ലാ കലക്ടറുടെ നിർദേശപ്രകാരം പൊലീസും തൊഴിൽ വകുപ്പുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തൊഴിൽ വകുപ്പിൻ്റെ കണക്കനുസരിച്ച് ബീഹാറിൽ നിന്നുള്ള 3398 തൊഴിലാളികളാണ് തൃശൂർ ജില്ലയിൽ ഉള്ളത്.
ആരോഗ്യ- ആയുഷ് വകുപ്പുകൾ ഇവരെ സ്ക്രീനിംഗ് നടത്തി. യാത്രാക്കൂലി നൽകാൻ സാമ്പത്തിക സ്ഥിതിയുള്ളവരെയാണ് തെരഞ്ഞെടുത്തത്. എന്നാൽ ചിലയിടങ്ങളിൽ കൂടുതൽ തൊഴിലാളികൾ ആദ്യ ഘട്ടത്തിൽ തന്നെ പോകാൻ തയ്യാറായി വന്നത് പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ബീഹാറിലേക്കാണ് ട്രെയിനെങ്കിലും മറ്റ് സംസ്ഥാനങ്ങളിലുള്ളവരും യാത്രക്കായി എത്തിയത് വാക്കുതർക്കത്തിനിടയാക്കി. വരും ദിവസങ്ങളിൽ കൂടുതൽ ട്രെയിനുകൾ എല്ലാ സംസ്ഥാനങ്ങളിലേക്കും ഉണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് അധികൃതർ തൊഴിലാളികളെ ശാന്തരാക്കിയത്. വൈകിട്ട് അഞ്ച് മണിക്ക് കെ എസ് ആർ ടി സി ബസുകളിൽ തൊഴിലാളികളെ ക്യാമ്പുകളിൽ നിന്ന് സ്റ്റേഷനിൽ എത്തിക്കും.