തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ശസ്‌ത്രക്രിയ നടത്തിയ രോഗിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയതായി പരാതി. ശസ്‌ത്രക്രിയ നടത്തി രണ്ട് മാസം കഴിഞ്ഞിട്ടും വയറുവേദന കുറയാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗിയുടെ വയറ്റില്‍ കത്രികയുണ്ടെന്ന് കണ്ടെത്തുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ കൂര്‍ക്കഞ്ചേരി സ്വദേശി ജോസഫ് പോളിന്‍റെ വയറ്റില്‍ നിന്നാണ് ശസ്‌ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രിക കണ്ടത്തിയത്.
ജോസഫിന്‍റെ പാന്‍ക്രിയാസില്‍ തടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഏപ്രില്‍ 25ന് ഡോ. പോളി ടി. ജോസഫിന്‍റെ നേതൃത്വത്തില്‍ ശസ്‌ത്രക്രിയ നടന്നത്. എന്നാല്‍ ശസ്‌ത്രക്രിയക്ക് ശേഷം നടത്തിയ സ്‌കാനിങില്‍ വീണ്ടും പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് മെയ് 12ന് വീണ്ടും ശസ്‌ത്രക്രിയ നടത്തി. ശസ്‌ത്രക്രിയ നടത്തി രണ്ട് മാസം കഴിഞ്ഞിട്ടും വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ സ്‌കാന്‍ ചെയ്‌തതിലൂടെയാണ് വയറ്റില്‍ കത്രികയുണ്ടെന്ന കാര്യം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ശസ്‌ത്രക്രിയ നടത്തിയാണ് കത്രിക പുറത്തെടുത്തത്. ശസ്ത്രക്രിയയിൽ സംഭവിച്ച ഗുരുതരമായ പിഴവ് ചൂണ്ടിക്കാട്ടി ജോസഫിന്‍റെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.