തൃശ്ശൂർ: കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ജലസാക്ഷരത പഞ്ചായത്ത് എന്ന ബഹുമതി സ്വന്തമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് മറ്റത്തൂര്‍ പഞ്ചായത്ത്. നീന്തല്‍ പഠിക്കാനാഗ്രഹിക്കുന്ന മുഴുവന്‍ പേര്‍ക്കും പരിശീലനം നല്‍കികൊണ്ടാണ് മറ്റത്തൂര്‍ സമ്പൂര്‍ണ ജലസാക്ഷരത കൈവരിക്കാനൊരുങ്ങുന്നത്. മുങ്ങിമരണങ്ങള്‍ നിത്യസംഭവമാകുന്ന പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിക്ക് മറ്റത്തൂര്‍ പഞ്ചായത്ത് രൂപം നല്‍കിയത്.
മൂന്നുവര്‍ഷം മുമ്പ് തുടക്കം കുറിച്ച പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പത്താം ക്ലാസുകാരായ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പരിശീലനം നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ ഹൈസ്‌കൂള്‍ ക്ലാസുകളിലുള്ളവര്‍ക്ക് പരിശീലനം നല്‍കി. ഈ വര്‍ഷം പ്രായപരിധി നോക്കാതെയാണ് നീന്തലിന്റെ പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്നത്. അഷ്ടമിച്ചിറ സ്വദേശി എം.എസ്.ഹരിലാലിന്റെ നേതൃത്വത്തിലുള്ള പത്തംഗ പരിശീലക സംഘമാണ് കുട്ടികളെ നിലയില്ലാത്ത വെള്ളത്തില്‍ നീന്താന്‍ പ്രാപ്‌തരാക്കുന്നത്. പഞ്ചായത്ത് ഫണ്ടില്‍ നിന്നുള്ള മൂന്നുലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്.പ്രശാന്ത് പറഞ്ഞു. നീന്തലറിയാത്തതിനാല്‍ ആഴമുള്ള ജലാശങ്ങളില്‍ സംഭവിക്കുന്ന മുങ്ങിമരണങ്ങള്‍ ഒഴിവാക്കാനുള്ള ഉദ്യമമെന്ന നിലയില്‍ മറ്റത്തൂരിന്റെ ഈ മികച്ച മാതൃക സംസ്ഥാന ശ്രദ്ധ നേടുകയാണ്.