തൃശൂർ: കളിമണ്ണ് കൊണ്ടുവരുന്നതിന്‍റെ മറവിൽ വ്യാജ മദ്യം കടത്തിയ നാലംഗ സംഘത്തെ തൃശൂർ എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടി. ലോറിയിൽ നിന്നും കാറിൽ നിന്നും 214 കുപ്പി വ്യാജ മദ്യമാണ് പിടികൂടിയത്. തൃശൂർ സ്വദേശികളായ ധനേഷ്(32), സതീഷ് സത്യൻ(31), അച്ചു(25) സഞ്ജയ്‌കുമാർ(31) എന്നിവരാണ് എക്‌സൈസ് കസ്റ്റഡിയിലായത്. സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 69 കുപ്പി കർണാടക മദ്യം മരത്തക്കരയിൽ വച്ചാണ് എക്‌സൈസ് പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഓട്ടുകമ്പനിയിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിൽ 145 കുപ്പി മദ്യം ഉണ്ടെന്ന് മനസിലാക്കിയത്. ബാംഗ്ലൂരിൽ നിന്നും ചിറ്റിശ്ശേരിയിലെ ഓട്ടുകമ്പനികൾക്ക് കളിമണ്ണെത്തിക്കുന്ന ടോറസ് ലോറിയിൽ ഒളിപ്പിച്ചാണ് മദ്യം കൊണ്ടുവന്നത്.
READ MORE: കൊവിഡ് രൂക്ഷമാകുന്നു; ജാഗ്രത നിർദ്ദേശങ്ങളുമായി ഡിഎംഒ
മദ്യശാലകൾ അടഞ്ഞുകിടക്കുന്ന ലോക്ക്ഡൗൺ നാളുകളിൽ കൂടുതൽ വിലയ്ക്ക് നൽകാനാണ് മദ്യം എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. കർണാടകയിൽ 350 ന് ലഭിക്കുന്ന മദ്യത്തിന്, 2500 മുതൽ 3000 രൂപ വരെയാണ് ആവശ്യക്കാരിൽ നിന്നും ഇവർ ഈടാക്കുന്നത്. ലോക്ക്ഡൗണ്‍ ആയതിനാൽ മദ്യത്തിന് ആവശ്യക്കാർ ഏറെയാണ്. ഇതാണ് പ്രതികളെ മദ്യക്കടത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.
READ MORE: ഒരു ലക്ഷത്തിലേറെ കൊവിഡ് പരിശോധനകൾ, മാതൃകയായി കാസര്‍കോട് കേന്ദ്ര സര്‍വകലാശാല
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ഇത്തരത്തിൽ കച്ചവടം നടത്തി നല്ല ലാഭം ഉണ്ടാക്കിയിരുന്നതായും അതിനാലാണ് ഇത്തവണ വൻതോതിൽ മദ്യം കടത്തി കൊണ്ടുവന്നതെന്നും പ്രതികൾ സമ്മതിച്ചു. കൊണ്ടുവരുന്ന മദ്യം 24 മണിക്കൂറിനുള്ളിൽ വിറ്റഴിക്കുകയും ഉടൻ അടുത്ത ലോഡിനായി പോകുകയുമാണ് ഇവരുടെ രീതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലോറികൾ പരിശോധിച്ചാൽ പോലും കണ്ടെത്താൻ പറ്റാത്ത രീതിയിൽ കുപ്പികൾ പെട്ടിയിൽ ആക്കി നിരത്തി ടാർപോളിന്‍ വിരിച്ച് അതിനുമുകളിലാണ് കളിമണ്ണ് നിറച്ചത്. തൃശൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരിനന്ദന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.