തൃശൂർ: കൊവിഡ്19 വൈറസ് ബാധക്ക് ചികിത്സയെന്ന വ്യാജ പ്രചാരണം നടത്തിയ ആൾ അറസ്റ്റിൽ. അക്യുപങ്ചർ ചികിത്സയിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന് വ്യാജ പ്രചരണം നടത്തിയ എരുമപ്പെട്ടി സ്വദേശി കാരേങ്ങിൽ വീട്ടിൽ പരീതിനെയാണ് അറസ്റ്റ് ചെയ്തത്. ചികിത്സാ സന്ദേശം വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തത്.
അക്യുപങ്ചർ ചികിത്സയിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന് പരീത് അഡ്മിനായ ഉദ്യമം വാട്സാപ് കൂട്ടായ്മയിലാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചത്. കൊവിഡ് 19 സൗജന്യ അക്യുപങ്ചർ പ്രതിരോധ ചികിത്സ ഗ്രൂപ്പ് അംഗങ്ങൾ പ്രയോജനപ്പെടുത്തണം എന്ന രീതിയിലായിരുന്നു സന്ദേശം. സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിന്‍റെ സ്ഥാപനത്തിന് വേണ്ടിയാണ് ഇയാൾ പരസ്യ പ്രചരണം നടത്തിയത്. ഡെപ്യുട്ടി ഡി.എം.ഒ ഡോക്ടർ സതീഷിന്‍റെ നിർദ്ദേശ പ്രകാരമാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.