തൃശ്ശൂർ : ലോക്ക് ഡൗണിൽ കുടുങ്ങി ഒറ്റമുറിയിൽ പ്രസവിച്ച അതിഥി തൊഴിലാളിയായ അമ്മക്കും കുഞ്ഞിനും സഹായവുമായി നാട്ടുകാർ. ഒഡീഷ സ്വദേശി മാധബ് നായിക്കിന്‍റെ ഭാര്യയാണ് ആശുപത്രിയിൽ പോകാൻ കഴിയാതെ പുതുക്കാടുള്ള ഒറ്റമുറി വീട്ടിൽ പ്രസവിച്ചത്. സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടിയ കുടുംബത്തിന് നാട്ടുകാരാണ് സഹായമെത്തിച്ചത്.
മാധബ് ഗർഭിണിയായിരുന്ന ഭാര്യ പ്രേമലതയേയും(21) കൂട്ടി നാട്ടിൽ പോകാനിരിക്കെയാണ് ലോക്ക് ഡൗൺ നിലവിൽ വന്നത്. ഇതോടെഹോട്ടൽ ജോലിക്കാരനായ മാധബിന് ജോലി ഇല്ലാതായി. ഭാഷ അറിയാത്തതിനാൽ സഹായം കിട്ടാതെ യുവതി കഴിഞ്ഞ ശനിയാഴ്ച താമസിക്കുന്ന മുറിയിൽ തന്നെ പ്രസവിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് എത്തിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അമ്മയേയും കുഞ്ഞിനേയും പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ഇവർ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടി. വിവരമറിഞ്ഞ് പുതുക്കാട് പഞ്ചായത്തംഗം ബേബി കീടായിയും പൊതു പ്രവർത്തകനായ വിജു തച്ചങ്കുളവും സ്ഥലത്തെത്തിയപ്പോൾ കുഞ്ഞിനെ തറയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് കിടത്തിയിരിക്കുകയായിരുന്നു . മുറിയിലെ മരുന്നുകളിലും കുഞ്ഞിനെ കിടത്തിയ പ്ലാസ്റ്റിക് ഷീറ്റിലും ഉറുമ്പരിക്കുന്നുണ്ടായിരുന്നു.
ഉടന്‍തന്നെ ഇവർ ഭക്ഷണവും അത്യാവശ്യ സാധനങ്ങളും എത്തിച്ചു നൽകി. കൂടാതെ അതിഥി തൊഴിലാളികൾക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട സഹായങ്ങൾ ലഭ്യമാക്കുമെന്നും പഞ്ചായത്തംഗം ബേബി കീടായിൽ അറിയിച്ചു.