തൃശ്ശൂർ: സംസ്ഥാനത്തിന്‍റെ ആദ്യ ആറുവരിപാതക്കായുളള കാത്തിരിപ്പ് ഇനിയും നീളും. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ ഭാഗമായ കുതിരാൻ തുരങ്കത്തിന്‍റെ പണി ഏറെക്കാലമായി നിലച്ചിരിക്കുകയാണ്. പ്രദേശത്തെ മണ്ണിടിച്ചിലും പണിപൂർത്തിയാക്കാത്ത തുരങ്ക പദ്ധതിയും ഗതാഗത കുരുക്ക് ഉണ്ടാക്കുമ്പോഴും കരാറുകമ്പനിക്കാരാവട്ടെ സൂത്രപണിയിൽ കാര്യങ്ങൾ ചെയ്യുകയാണ്. റോഡിന്‍റെ വശങ്ങളിൽ മണ്ണിടിച്ചിൽ തടയാൻ കരിങ്കല്ല് ഭിത്തികെട്ടുന്നതിന് പകരം കുറച്ച് ഭാഗം മാത്രം കല്ലുകൊണ്ട് കെട്ടി ബാക്കി മണൽ നിറച്ച ചാക്ക് അട്ടിയിട്ട് വെക്കുകയാണ് ചെയ്യുന്നത്. മണൽ ചാക്ക് അട്ടിയിട്ട് അതിന് മുകളിലായി സിമന്‍റ്-മണൽ മിശ്രിതം പ്ലാസ്‌റ്ററാണ് ചെയ്യുന്നത്. എന്നാൽ ഒട്ടും സുരക്ഷയല്ലാത്തതിനാൽ തന്നെ ശക്തമായ മഴ പെയ്‌താൽ മണൽചാക്ക് ഒന്നാകെ ഇടിഞ്ഞ് വീഴാനുളള സാധ്യത കൂടുതലാണ്.
തുരങ്ക നിർമാണത്തിന്‍റെ അപാകതകൾ ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകർ പരാതി നൽകിയിരുന്നു. പരാതി അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥലം സന്ദർശിക്കുകയും സമയബന്ധിതമായി പണി നടത്താൻ കരാർ കമ്പനിക്ക് കർശന നിർദേശം നൽകുകയും ചെയ്‌തിരുന്നു. കമ്മീഷന്‍റെ നിർദേശത്തിന് പിന്നാലെ കല്ലുകൊണ്ട് അടിയിൽനിന്ന് കെട്ടിത്തുടങ്ങിയെങ്കിലും പിന്നീട് അത് നിർത്തിവെച്ചു. അതിന് ശേഷമാണ് മണൽ ചാക്ക് കൊണ്ട് ഭിത്തികെട്ടുന്ന രീതി തുടങ്ങിയത്.