തൃശൂര്‍ : വിയ്യൂർ അതിസുരക്ഷാ ജയിലിൽ ജീവനക്കാർക്ക് മർദനമേറ്റു. ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിലായിരുന്നു അക്രമം. മർദനമേറ്റ ജീവനക്കാരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് (നവംബര്‍ 5) ഉച്ചയോടെയാണ് സംഘർഷമുണ്ടായത് (Kodi Suni And Team Attacked Viyyur Central Jail Staffs).
ഭക്ഷണത്തിന്‍റെ അളവിനെ ചൊല്ലിയായിരുന്നു സംഘർഷത്തിന്‍റെ തുടക്കം. തടവുകാരായ അരുണും രഞ്ജിത്തും ചേർന്നാണ് അക്രമത്തിന് തുടക്കമിട്ടത്. പിന്നീട് അനൗൺസ്മെന്‍റ് ചെയ്‌ത് പ്രതികളെ സെല്ലിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് കൊടി സുനിയും സംഘവും ചേർന്ന് ജീവനക്കാരെ മർദിക്കുന്നത്.
ജയിലിലെ ടെലിഫോൺ ബൂത്തിനുള്ളിൽ കയറി ഫോണും മേശയും അടിച്ചു തകർത്തു. സംഘര്‍ഷത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് മർദനമേറ്റു. ജയിൽ ഉദ്യോഗസ്ഥർ നോക്കി നിൽക്കെയായിരുന്നു അക്രമമുണ്ടായത്. പരിക്കേറ്റ അർജുനെയും മറ്റ് ജീവനക്കാരനെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നത്തെ സംഭവത്തിൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടി ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുള്ള മറുപടി.