തൃശൂര്‍: തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാനില്‍ തുരങ്കപാതയുടെ നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ദേശീയപാതയിലെ കുഴിയടക്കല്‍ ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കും. കുതിരാന്‍ ദേശീയപാതയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് വി മുരളീധരന്‍റെ പ്രഖ്യാപനം. ദേശീയപാത 544 ൽ കുതിരാനിലെ തുരങ്കങ്ങളുടെയും മണ്ണുത്തി-വടക്കഞ്ചേരി റോഡ് നിർമ്മാണത്തിന്‍റെയും തടസം പരിഹരിക്കും. ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തിനൊപ്പമാണ് കേന്ദ്ര മന്ത്രി എത്തിയത്.
കുതിരാന്‍ തുരങ്കപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വനഭൂമി വിട്ടുകിട്ടണം. ഇതിനായി തിരുവനന്തപുരത്ത് വനംമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കും. ദേശീയപാതയുടെ നിര്‍മാണം ഏറ്റെടുത്ത കെഎംസി കമ്പനിക്ക് 250 കോടി രൂപ വായ്‌പ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കും. കുതിരാനില്‍ ദേശീയപാതയുടെ അരികില്‍ സ്ഥാപിച്ച മണല്‍ചാക്കുകള്‍ മാറ്റി കല്‍ഭിത്തി കെട്ടും. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മാണം ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും വി മുരളീധരൻ ഉറപ്പുനല്‍കി.
2012 ല്‍ ആയിരുന്നു സംസ്ഥാനത്തെ ആദ്യ ആറുവരിപ്പാതയായ ദേശീയപാത 544 ന്റെ വടക്കഞ്ചേരി മുതൽ തൃശൂര്‍ വരെയുള്ള നിര്‍മാണം ആരംഭിച്ചത്. നിർമ്മാണ കമ്പനിയായ കെഎംസിയുടെ തൊഴിലാളി സമരങ്ങളും സ്ഥലപ്രശ്നങ്ങളും മൂലമായിരുന്നു പാത നിര്‍മാണം വൈകിയത്. 2018 മേയിലാണ് കുതിരാൻ തുരങ്ക പദ്ധതിയുടെ നിര്‍മാണം നിർത്തിവച്ചത്. തുടർന്ന് വായ്പ നൽകിയ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പദ്ധതിയെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചിരുന്നു.