തൃശൂർ: റബ്ബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. കേരള വനം വകുപ്പാണ് കേസിൽ അന്വേഷണം നടത്തുന്നത്. തൃശൂര്‍ മച്ചാട് ഫോറസ്റ്റ് റേഞ്ചിൽ മുള്ളൂർക്കര പഞ്ചായത്തിലെ വാഴക്കോട് - പ്ലാഴി സംസ്ഥാനപാതയിൽ ബിആർഡി കാർ വേൾഡിന് സമീപത്തുള്ള റബ്ബർ തോട്ടത്തില്‍ നിന്നാണ് കാട്ടാനയുടെ അഴുകിയ ജഡം കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
ഒരു കൊമ്പ് മുറിച്ചുമാറ്റിയ നിലയിലായുരുന്നു ജഡം. അതേസമയം എറണാകുളത്ത് കോടനാട് റേഞ്ചിൽ നിന്ന് ആനക്കൊമ്പുകൾ പിടികൂടിയ സംഭവത്തിൽ നാല് പേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാല് പേരും അറസ്‌റ്റിലായത്. ഇവർക്ക് ആനയുടെ ജഡം കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
വാഴക്കോട് സ്വദേശിയായ റബ്ബര്‍ തോട്ടം ഉടമ റോയി ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോസ്ഥർ പറയുന്നത്. ആനയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയതിനാൽ വസ്‌തു ഉടമ ഉൾപ്പെടെയുള്ളവരെ പിടികൂടിയാൽ മാത്രമേ ആനയുടെ മരണത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമാകൂ എന്നും മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജൂൺ 14ന് വാഴക്കോടുള്ള റബ്ബർ തോട്ടത്തിലെത്തി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ആനയുടെ ജഡം പുറത്തെടുത്തതെന്ന് മച്ചാട് റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ ശ്രീദേവി മധുസൂദനൻ മാധ്യമങ്ങളോട് പറഞ്ഞു. ജഡത്തിന് രണ്ട് മാസത്തോളം പഴക്കമുണ്ടെന്നാണ് സംശയം. അതേസമയം ആനയുടെ മുറിച്ച് മാറ്റപ്പെട്ട കൊമ്പിന്‍റെ മുറിപ്പാടും കോടനാട് നിന്ന് പിടികൂടിയ ആനക്കൊമ്പും പരിശോധിക്കുമ്പോൾ ഇത് ഒരേ ആനയുടേതാണെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ആനയുടെ ജഡം കണ്ടെടുത്ത സമയത്ത് ഡി.എഫ്.ഒ, വെറ്ററിനറി വിഭാഗം, കോടനാട് നിന്നുള്ള വനംവകുപ്പിന്‍റെ രഹസ്യാന്വേഷണ വിഭാഗം എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
ശങ്കരംകുളങ്ങര മണികണ്‌ഠൻ ചരിഞ്ഞു: ജൂലൈ 11നാണ് ഉത്സവപറമ്പുകളിലെ ആനചന്തമായിരുന്ന കൊമ്പൻ ശങ്കരംകുളങ്ങര മണികണ്‌ഠന്‍ ചരിഞ്ഞത്. വാർധക്യാവശതയിൽ ചികിത്സയിലായിരിക്കെയാണ് ആന ചരിഞ്ഞത്. തൃശൂർ പൂരത്തിന്‍റെ പറയെടുപ്പ് മുതൽ മഠത്തിൽ വരവിന്‍റെ ഇറക്കിയെഴുന്നള്ളിപ്പിൽ വരെയുള്ള ചടങ്ങുകളിൽ 58 വർഷത്തോളം സജീവ സാന്നിധ്യമായിരുന്നു ശങ്കരംകുളങ്ങര മണികണ്‌ഠൻ.
തൃശൂർ പൂരത്തിൽ വേറൊരാനയും ഇത്രയധികം കാലം എഴുന്നള്ളത്തില്‍ പങ്കെടുത്തിട്ടില്ല. ക്ഷേത്രത്തിലേക്ക് ആനയെ വേണമെന്ന ആവശ്യത്തിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ പ്രത്യേക താത്‌പര്യത്തിൽ നിലമ്പൂർ കാട്ടിലെ വാരിക്കുഴിയിൽ വീണ മൂന്ന് വയസുകാരൻ കൊമ്പനെ ശങ്കരംകുളങ്ങരയിലെത്തിക്കുകയായിരുന്നു. സമീപകാലം വരെ തിരുവമ്പാടിയുടെ വെടിക്കെട്ട് സമയത്ത് പന്തലിൽ തിടമ്പേറ്റിയിരുന്നതും മണികണ്‌ഠനായിരുന്നു.
also read : കേരളത്തിലെ ഉത്സവപറമ്പുകളിലെ ആനചന്തം; കൊമ്പൻ ശങ്കരംകുളങ്ങര മണികണ്‌ഠന്‍ ഇനി ഓര്‍മ