എറണാകുളം: കേരളവർമ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ റീ കൗണ്ടിങ്ങിൽ എസ്‌എഫ്‌ഐയ്‌ക്ക് വിജയം. ഹൈക്കോടതി ഉത്തരവ് പ്രകാരം നടത്തിയ റീ കൗണ്ടിങ്ങിലാണ് എസ്എഫ്ഐ വിജയം നിലനിർത്തിയത്. എസ്എഫ്ഐ ചെയർമാൻ സ്ഥാനാർഥി അനിരുദ്ധൻ 892 വോട്ടും കെഎസ്‌യുവിൻ്റെ ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടൻ 889 വോട്ടുമാണ് നേടിയത് (Kerala Varma College Union Election).
യൂണിയന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കെഎസ്‌യു നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി റീ കൗണ്ടിങ്ങിന് ഉത്തരവിട്ടത്. എസ്എഫ്ഐക്ക് ഈ വിജയം അഭിമാന നേട്ടമാകുമ്പോള്‍ കെഎസ്‌യുവിനെ സംബന്ധിച്ച് ഇത് കനത്ത തിരിച്ചടിയാണ്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ ആഹ്ളാദ പ്രകടനം നടത്തി (SFI And KSU).
എസ്എഫ്ഐക്കെതിരെ കുപ്രചാരണം നടത്തിയവർക്കുള്ള മറുപടിയാണിതെന്ന് സംഘടന പ്രതികരിച്ചു. നേരത്തെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിൻ്റെ ചെയർമാൻ സ്ഥാനാർഥിയായ മൂന്നാം വർഷ ബിരുദ വിദ്യാർഥി എസ് ശ്രീക്കുട്ടൻ ഒരു വോട്ടിന് ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തുകയായിരുന്നു. ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐയിലെ അനിരുദ്ധൻ 895 വോട്ടുമാണ് അന്ന് നേടിയത് (Kerala Varma College Union Election).
കൗണ്ടിങ്ങിനിടെ രണ്ട് തവണ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. കൗണ്ടിങ്ങിനിടെ രണ്ട് തവണയും ഇത് സംഭവിച്ചത് വോട്ടുകള്‍ അട്ടിമറിക്കാനാണെന്നും കെഎസ്‌യു ആരോപിച്ചു. കെഎസ്‌യുവിന്‍റെ ആരോപണങ്ങളെ തുടർന്ന് നടത്തിയ റീ കൗണ്ടിങ്ങിലൂടെ എസ്എഫ്ഐ സ്ഥാനാർഥി 11 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ഇതിനെതിരെ റീ കൗണ്ടിങ് ആശ്യപ്പെട്ട് ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വീണ്ടും വോട്ടെണ്ണാൻ ഉത്തരവിട്ടത്. ഇതുപ്രകാരം നടത്തിയ വോട്ടെണ്ണലിലാണ് എസ്എഫ്ഐ വിജയം നിലനിർത്തിയത്. പ്രിൻസിപ്പലിന്‍റെ ചേംബറിൽ വച്ചാണ് വീണ്ടും വോട്ടെണ്ണല്‍ നടത്തിയത്. വോട്ടെണ്ണൽ പൂർണമായും വീഡിയോയിൽ പകർത്തുകയും ചെയ്‌തു.
ട്രഷറി ലോക്കറിലായിരുന്ന ബാലറ്റുകള്‍ കഴിഞ്ഞ ദിവസമാണ് കോളജിലെ സ്ട്രോങ്ങ് റൂമിലെ ലോക്കറിലേക്ക് മാറ്റിയത്. രാവിലെ സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാനിധ്യത്തിലാണ് ഇത് തുറന്ന് ബാലറ്റുകള്‍ ചേംബറില്‍ എത്തിച്ചത്.
വിദ്യാർഥി സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നായിരുന്നു ഇന്ന് (ഡിസംബര്‍ 2) റീ കൗണ്ടിങ് തീരുമാനിച്ചത്. കഴിഞ്ഞ 32 വര്‍ഷമായി എസ്എഫ്‌ഐയാണ് കേരളവർമ കോളജില്‍ വിജയിക്കുന്നത്.
നവംബര്‍ 1നാണ് കേരളവര്‍മ കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നത്. കെഎസ്‌യു. എബിവിപി, എഐഎസ്‌എഫ്, എസ്‌എഫ്‌ഐ സംഘടനകളുടെ സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.