തൃശൂർ: മലയാളികളുടെ വിഷുകണി ലോക്‌ഡൗണില്‍ ആയെങ്കിലും ഗുരുവായൂർ കണ്ണന്‍റെ ഗജ വീരന്മാർക്ക് ഈ വിഷു സമൃദ്ധിയുടേതായിരുന്നു. ഗുരുവായൂർ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള പുന്നത്തൂർ കോട്ട ആനത്താവളത്തിലെ ആനകൾക്ക് ഇത്തവണ വിഷു വിഭവമായി ചക്ക സദ്യയാണ് ഒരുക്കിയത്. ലോക്‌ഡൗണിനെ തുടർന്ന് സന്ദർശകർ എത്തിയില്ലെങ്കിലും വിഷുവിന് പുന്നത്തൂർ കോട്ടയിലെ 47 ഗജവീരൻമാർക്ക് പഴുത്ത തേൻ വരിക്ക ചക്ക കൊണ്ടുള്ള മധുരമൂറുന്ന സദ്യയാണ് ദേവസ്വം ഒരുക്കിയത്. തൃശൂർ കുറുമാൽ കുന്നിലെ ആയുർ ജാക്ക് ഫാമിൽ നിന്നാണ് കരി വീരന്മാർക്ക് ചക്കപ്പഴം എത്തിച്ച് നൽകിയത്.
ലോക്‌ഡൗൺ മൂലം പുറത്തേക്കൊന്നും പോകാൻ സാധിക്കാതെ ആനക്കോട്ടയിൽ വിശ്രമത്തിലാണ് കരി വീരന്മാർ. വ്യായാമവും നടത്തവും ഇല്ലാത്തതിനാല്‍ ഉണ്ടാകാനിടയുള്ള ഉദര സംബന്ധമായ അസുഖങ്ങൾക്കുള്ള പ്രതിവിധിയാണ് ചക്ക. നാരുകളുടെ അംശം കൂടുതലുളളതിനാൽ പോഷക സമൃദ്ധവുമാണ്. അതുകൊണ്ട് തന്നെ ആനകൾക്ക് ഏറെ പ്രിയങ്കരമാണ് പഴുത്ത ചക്ക. സന്ദർശകരെത്താത്ത ഈ വിഷുവിന് അപ്രതീക്ഷിമായി ലഭിച്ച മധുരമൂറുന്ന വിഷുക്കൈനീട്ടം സന്തോഷത്തോടെ സ്വീകരിച്ച് കൊമ്പൻമാർ കൊമ്പു കുലുക്കി നന്ദി അറിയിച്ചു.