തൃശൂർ: തീവണ്ടിക്കുള്ളിൽ മഴ നനഞ്ഞ സംഭവത്തിൽ യാത്രക്കാരൻ നടത്തിയ നിയമപോരാട്ടത്തിൽ ഏഴ് വർഷത്തിനുശേഷം അനുകൂല വിധി. തൃശൂര്‍ തോളൂര്‍ സ്വദേശി സെബാസ്റ്റ്യനാണ് ഉപഭോക്തൃ കോടതിയിൽനിന്ന് അനുകൂലവിധി ലഭിച്ചത്. വിന്‍ഡോ ഷട്ടര്‍ തകരാർ കാരണം അടയാതിരുന്നതിനാലാണ് യാത്രക്കാരന്‍ മഴ നനയേണ്ടി വന്നത്. സെബാസ്റ്റ്യന് റെയില്‍വേ 5,000 രൂപ നഷ്ടപരിഹാരവും 3000 രൂപ കോടതി ചെലവും നല്‍കാനാണ് ഉപഭോക്തൃ കോടതിയുടെ വിധി. സെബാസ്റ്റ്യന്‍ 2013ല്‍ തിരുവനന്തപുരത്തേക്ക് നടത്തിയ ഔദ്യോഗിക യാത്രയ്ക്കിടയിലാണ് ട്രെയിനിൽ മഴ നനയേണ്ടി വന്നത്.
ജനശതാബ്ദി ട്രെയിനിലെ യാത്രയ്ക്കിടയിലാണ് തകരാർ കാരണം അടയാതിരുന്ന ഷട്ടറിനടുത്തുള്ള സീറ്റില്‍ സെബാസ്റ്റ്യന്‍ പെട്ടുപോയത്. ഷട്ടര്‍ ശരിയാക്കാന്‍ ടി.ടി.ആറിനോട് ആവശ്യപ്പെട്ടപ്പോള്‍ ശരിയാക്കാമെന്ന ഒഴുക്കൻ മറുപടിയല്ലാതെ നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് തിരുവനന്തപുരം വരെ വിൻഡോ സീറ്റിലിരുന്ന് യാത്രചെയ്ത സെബാസ്റ്റ്യൻ അടിമുടി നനയുകയായിരുന്നു. ഇനിയൊരാള്‍ക്കും ഇത്തരം ദുരനുഭവം ഉണ്ടാകാതിരിക്കാനാണ് താന്‍ നിയമപോരാട്ടത്തിനിറങ്ങിയതെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. തിരിച്ച് നാട്ടിലെത്തിയ സെബാസ്റ്റ്യന്‍ പനിബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയും തേടിയിരുന്നു. ഇതും കോടതിയെ സമീപിക്കാനുള്ള മറ്റൊരു കാരണമായി സെബാസ്റ്റ്യന്‍ പറയുന്നു.