തൃശൂർ: ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ കഴുത്തറത്ത് കൊലപെടുത്തിയ സംഭവത്തില്‍ വീട്ടില്‍ നിന്നും മോഷണം പോയ ആഭരണങ്ങൾക്കായി പൊലീസ് നോട്ടീസ് ഇറക്കി. നഷ്ടപെട്ട ആഭരണങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ് തൃശൂര്‍ പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ആഭരണങ്ങള്‍ പണയപ്പെടുത്തുവാനോ വില്‍ക്കുന്നതിനോ ആരെങ്കില്ലും എത്തിയാല്‍ വിവരം പൊലീസില്‍ അറിയിക്കണമെന്നാണ് നിര്‍ദേശം.
ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ പോള്‍സന്‍റെ ഭാര്യ ആലീസിനെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല നടന്നിടത്ത് നിന്ന് ഒരു അടയാളവും പൊലീസിന് കണ്ടെത്താനായിട്ടില്ല. മൊഴികളിലെ വൈരുദ്ധ്യം മൂലം കസ്റ്റഡിയിലെടുത്തിരുന്ന രണ്ട് പേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതരസംസ്ഥാനക്കാരായ 400 പേരുടെ വിവരം ശേഖരിച്ച പൊലീസ് അവരുടെ ഫോണുകള്‍ പരിശോധിക്കുകയും ചെയ്‌തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ ഇല്ലാത്തതും ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും കേസന്വേഷണത്തെ കാര്യമായി ബാധിക്കുന്നുണ്ട്.