തൃശൂര്‍: ഇരിങ്ങാലക്കുടയിലെ ധനനീതി മെഡിക്കല്‍ സ്റ്റോറില്‍ അമിത വിലക്ക് സാനിറ്റൈസറുകള്‍ വില്‍പന നടത്തിയെന്നാരോപിച്ച് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മെഡിക്കല്‍ സ്റ്റോറില്‍ സാനിറ്റൈസറുകളുടെ പഴയ സ്റ്റോക്കാണ് വില്‍പന നടത്തിയതെന്ന് കണ്ടെത്തി. ഇതില്‍ 150 രൂപ രേഖപ്പെടുത്തിയ അടിസ്ഥാനത്തിലാണ് സാനിറ്റൈസര്‍ വിറ്റതെന്ന് കട ഉടമ പറഞ്ഞു. എന്നാല്‍ സംസ്ഥാന വ്യാപകമായി കൊവിഡ് പടരുന്ന സാഹചര്യത്തില്‍ മാസ്‌കുകളുടേയും സാനിറ്റൈസറുകളുടേയും വില സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതാണ്. 100 മില്ലി സാനിറ്റൈസറിന് 100 രൂപയെന്ന നിരക്കിലാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തിലാണ് വില കൂട്ടി വില്‍പന നടത്തിയത്. പഴയ സ്റ്റോക്ക് ഇനി വില്‍ക്കരുതെന്ന് കട ഉടമക്ക് മുന്നറിയിപ്പ് കൊടുത്തതായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധന റിപ്പോര്‍ട്ട് നഗരസഭക്ക് സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിഴുത്താണി സ്വദേശി സിനി രവീന്ദ്രനാണ് പരാതി നല്‍കിയത്. 100 മില്ലി സാനിറ്റൈസര്‍ 200 രൂപക്കാണ് തനിക്ക് തന്നതെന്നും ബില്ല് ആവശ്യപ്പെട്ടപ്പോള്‍ തരാന്‍ വിസമ്മതിച്ചെന്നും സിനി നല്‍കിയ പരാതിയില്‍ പറഞ്ഞു.