തൃശൂർ: വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഹെൽത്ത് ക്ലബ്ബൊരുക്കി തൃശൂരിലെ തദ്ദേശസ്വയംഭരണ സ്ഥാപനം. തൃശൂർ ജില്ലയിലെ പാറളം ഗ്രാമപഞ്ചായത്തിലാണ് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് സ്‌ത്രീകള്‍ക്കായി ആധുനിക ഹെൽത്ത് ക്ലബ് ആരംഭിച്ചത്. ജില്ലയിൽ സ്ത്രീകൾക്ക് മാത്രമായുള്ള ഏക ഫിറ്റ്‌നസ് സെന്‍റർ പഞ്ചായത്ത് ഓഫിസിന് സമീപത്തെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിന് മുകളിലത്തെ നിലയിലാണ് പ്രവർത്തിക്കുന്നത്. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് പ്രവർത്തന സമയം. ട്രെഡ് മിൽ, സ്പിൻ ബൈക്ക്, മൾട്ടി ജിം, എക്സർസൈസ് ബൈക്ക്, ക്രോസ് ട്രെയിനർ തുടങ്ങിയ ആധുനിക ഫിറ്റ്നസ് ഉപകരണങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന രോഗങ്ങൾ വർധിക്കുന്നതും ലോക്ക് ഡൗൺ കാരണം വീടിനുള്ളിൽ വേണ്ടത്ര വ്യായാമം ചെയ്യാൻ സാധിക്കാത്തതും ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴിവക്കുന്നുവെന്നത് പരിഗണിച്ചാണ് ഗ്രാമ പ്രദേശങ്ങളിലെ വനിതകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി ഹെൽത്ത് ക്ലബ് ആരംഭിച്ചത്. ദിവസേന നാൽപതോളം സ്ത്രീകൾക്ക് വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടുതൽ ആളുകൾ എത്തുന്നതോടെ ഹെൽത്ത് ക്ലബ്ബ് വിപുലമാക്കാനാണ് പഞ്ചായത്ത് അധികൃതർ പദ്ധതിയിടുന്നത്.