തൃശൂർ: സർക്കാരിന്‍റെ കോടിക്കണക്കിന് രൂപ ചെലവിട്ട് മൂന്ന് പതിറ്റാണ്ടിനപ്പുറമായി നിർമാണം ആരംഭിച്ച ഗുരുവായൂർ അഴുക്കുചാൽ പദ്ധതി എങ്ങും എത്തിയില്ലെന്ന് ആക്ഷേപം. കോടതി ഇടപെട്ടിട്ടും കമ്മിഷൻ ചെയ്യാത്ത പദ്ധതി ഇനി ആരോട് പറഞ്ഞാൽ ശരിയാകും എന്ന ചോദ്യവുമായി നാട്ടുകാർ രംഗത്ത്.
ഗുരുവായൂർ നഗരത്തിലെ വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും മാലിന്യം ശേഖരിച്ച് പൈപ്പുവഴി ചക്കംകണ്ടം കായലിന് സമീപത്തെ പ്ലാന്‍റിലെത്തിച്ച് ശുദ്ധീകരിച്ച് സംസ്കരിക്കുന്ന പദ്ധതി ഇതുവരെ നടപ്പിലാക്കാത്ത അവസ്ഥയിലാണ്. വർഷങ്ങളോളം നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിച്ചിട്ട് പൈപ്പിടൽ നടത്തുകയും പണി പൂർത്തിയാക്കാതെ പ്ലാന്‍റ് സ്ഥാപിക്കുകയും ചെയ്തു. നിർമാണ ചുമതലയുണ്ടായിരുന്ന വാട്ടർ അതോറിറ്റി സമയത്തിനുള്ളിൽ പണി പൂർത്തീകരിക്കാത്തതിൽ പ്ലാന്‍റിലെ മോട്ടോറുകളും മറ്റു സാമഗ്രികളും തുരുമ്പെടുത്ത് നശിച്ചു. ഇതിനിടയിൽ ചാവക്കാട് താലൂക്ക് വികസന സമിതി യോഗത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഈ പദ്ധതി കമ്മിഷൻ ചെയ്യാനാവില്ലെന്ന് പറഞ്ഞത് ഏറെ പ്രതിഷേധം ഉയർത്തിയിരുന്നു. വിഷയത്തില്‍ ഗുരുവായൂർ എംഎൽഎ രാജി വക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വായ് മൂടിക്കെട്ടി സമരം നടത്തി.