തൃശൂർ: സർക്കാർ വാഹനത്തിന്റെ ചില്ലുകൾ സാമൂഹ്യവിരുദ്ധർ തകർത്ത നിലയിൽ. തൃശൂർ കോലഴി പഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനത്തിന്റെ മുൻവശത്തെ ചില്ലുകളാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ അവധിയായതിനാൽ തൃശൂർ കോലഴി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമായ ബൊലേറോ ജീപ്പ് ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടിൽ പാർക്ക് ചെയ്‌തിരിക്കുയായിരുന്നു. തിങ്കളാഴ്‌ച ഡ്രൈവർ സത്യൻ വാഹനം എടുക്കാൻ എത്തിയപ്പോഴാണ് വാഹനത്തിന്റെ മുൻവശത്തെ ചില്ലുകൾ തകർക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്.
ഓഫീസ് കെട്ടിടത്തിന്റെ കോമ്പൗണ്ടിലേക്ക് ജീപ്പ് കയറ്റിയിട്ട് ഗ്രില്ല് പുറത്തു നിന്നും പൂട്ടിയാണ് ജീവനക്കാർ അവസാന പ്രവൃത്തി ദിവസം പോയത്. അക്രമികൾ ഗ്രില്ലിനകത്തു കൂടി കമ്പോ കമ്പിയോ ഉപയോഗിച്ചാകാം ചില്ല് പൊട്ടിച്ചതെന്നാണ് അധികൃതർ പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.ജി ഉണ്ണികൃഷ്ണന്റെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.