തൃശൂർ: ലോകത്തെയാകെ പിടിച്ച് കുലുക്കിയ കൊവിഡ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. ചൈനയിലെ വുഹാനില്‍ നിന്നും കേരളത്തിലേക്കെത്തിയ തൃശൂർ സ്വദേശിയായ മെഡിക്കല്‍ വിദ്യാർഥിക്കായിരുന്നു രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്.
അപ്രതീക്ഷിതമായെത്തിയ കൊവിഡ് മഹാമാരി സ്ഥിരീകരിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോൾ ആദ്യ കൊവിഡ് രോഗിയെ തൃശൂർ ജില്ലാ ആശുപത്രിയില്‍ നിന്നും മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചതിന്‍റെ ചാരിതാർഥ്യത്തിലാണ് ആംബുലന്‍സ് ഡ്രൈവറായ ഉദയൻ. കഴിഞ്ഞ 14 വര്‍ഷമായി തൃശൂർ ജനറല്‍ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവറായ ചാലക്കുടി കൂവ്വക്കാട്ട്‌കുന്ന് സ്വദേശി ഉദയന്‍ വിരമിക്കാന്‍ ഒന്നര വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് അവിചാരിതമായ ഉദ്യമത്തിന് നിയോഗിക്കപ്പെടുന്നത്. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ജനറല്‍ ആശുപത്രിയില്‍ നിന്നും രോഗബാധിതയായ പെണ്‍കുട്ടിയുമായി മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടത്. ആംബുലന്‍സില്‍ പി.പി.ഇ കിറ്റ് ധരിച്ച ഉദയനും ആര്‍.എം.ഒ യും, നഴ്‌സും പെണ്‍കുട്ടിയുടെ പിതാവുമടക്കമുള്ള അഞ്ചുപേര്‍ മാത്രം. പിന്നീടങ്ങോട്ട് കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന ഉദയന് നിരവധി ഹൃദയ ഭേദകമായ കാഴ്‌ചകൾക്കാണ് സാക്ഷിയാകേണ്ടി വന്നത്. ആ ദിവസങ്ങള്‍ ഇന്നലെ എന്ന പോലെയാണ് ഉദയന്‍ ഓര്‍ത്തെടുക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുകയുമൊക്കെ ചെയ്യുമ്പോള്‍ സ്വയം ശ്രദ്ധ നല്‍കിയതിന്‍റെ ഫലമായി അദ്ദേഹത്തിന് ഇതുവരെ നിരീക്ഷണത്തിൽ ഇരിക്കേണ്ടി വന്നിട്ടില്ല. ഈ മാസം കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കുകയും ചെയ്തു. രാജ്യമൊട്ടാകെ കൊവിഡിനെതിരെ പൊരുതുമ്പോൾ അതിന്‍റെ ഭാഗമാകാൻ സാധിച്ചതിന്‍റെ ചാരിതാർഥ്യത്തോടെ തന്‍റെ പോരാട്ടങ്ങൾ തുടരുകയാണ് ആംബുലന്‍സ് ഡ്രൈവറായ ഉദയൻ.