തൃശൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഔസേപ്പ് (86)ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ പ്രളയത്തിൽ ഔസേപ്പിന്‍റെ വാഴ കൃഷി നശിച്ചിരുന്നു. ജപ്‌തി നോട്ടീസ് ലഭിച്ചതിനാലാണ് ആത്മഹത്യ. ഔസേപ്പിനെ വിഷം ഉള്ളിൽ ചെന്ന നിലയിലാണ് തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നേന്ത്രവാഴ കൃഷിക്കായി ഒരു വർഷം മുൻപ് മരോട്ടിച്ചാൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ഔസേപ് 75000 രൂപ വായ്പ എടുത്തിരുന്നു. പ്രളയത്തിൽ കൃഷി നാശം ഉണ്ടായതിനെ തുടർന്ന് തിരിച്ചടവ് മുടങ്ങി. ഈ മാസം മുപ്പതിന് മൊറട്ടോറിയം കാലാവധി അവസാനിക്കുന്നതിനാൽ ജപ്തി നടപടികൾ തുടങ്ങുമെന്ന് ബാങ്കിൽ നിന്ന് അറിയിച്ചിരുന്നു. ഇത് കൂടാതെ തൃശൂർ ഗ്രാമീണ ബാങ്കിൽ നിന്നും എടുത്ത 50,000 രൂപയുടെ വായ്പ കുടിശിക തിരിച്ചടക്കാനും ഔസേപ്പിന് നോട്ടീസ് ലഭിച്ചിരുന്നു . ഇതേ തുടർന്നുണ്ടായ മനോവിഷമാണ് ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണ് സൂചന.