തൃശൂർ: വീടിൻ്റെ ജനൽ കുത്തി തുറന്ന് ഉറങ്ങുന്നവരുടെ ആഭരണങ്ങൾ കവരുന്ന മോഷ്‌ടാവ് പിടിയിൽ. കുപ്രസിദ്ധ മോഷ്‌ടാവ് ഈരാറ്റുപേട്ട സ്വദേശി ടാർസൻ മനീഷ് എന്ന മധു (39) ആണ് പിടിയിലായത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷും സംഘവും തന്ത്രപരമായാണ് ഇയാളെ പിടികൂടിയത്.
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നാൽപതിലേറെ മോഷണ കേസുകളിൽ പ്രതിയാണ് ഇയാൾ. അടി വസ്ത്രം മാത്രം ധരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ പ്രത്യേകത. ഇക്കാരണം കൊണ്ടാണ് ഇയാൾക്ക് "ടാർസൻ " എന്ന പേരു വീണത്. ശബ്‌ദവുമുണ്ടാക്കാതെ ജനൽപാളി കുത്തി തുറന്ന ശേഷമാണ് മോഷണം. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മധു പിടിയിലായത്.
കഴിഞ്ഞ മാസം ഇരുപത്തിരണ്ടാം തീയതി നോർത്ത് ചാലക്കുടിയിൽ നടത്തിയ മോഷണത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.