തൃശൂർ: നെന്മണിക്കര അറിയാത്തവർ കുറവാണ്. തൃശൂർ ജില്ലയിലെ നെല്ലറ എന്നാണ് ഈ ഗ്രാമം അറിയപ്പെടുന്ന്. ഏറെ വിവാദമായ പാലിയേക്കര ടോൾ പ്ലാസ സ്ഥിതിചെയ്യുന്നതും ഇവിടെതന്നെ. ഈ ഗ്രാമത്തിലെ കുടുംമ്പാരോഗ്യ കേന്ദ്രത്തെ ഇപ്പോൾ ദേശീയ അംഗീകാരം തേടിയെത്തിയിരിക്കുകയാണ്. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ ഒന്നുകൂടി വിലയിരുത്താൻ നെന്മണിക്കരക്ക് സാധിച്ചു.
നാഷണൽ ക്വാളിറ്റി സർട്ടിഫിക്കറ്റ് നേടിയ സംസ്ഥാനത്തെ മൂന്നാമത്തെ ആരോഗ്യ കേന്ദ്രമാണ് ഇപ്പോൾ നെന്മണിക്കര. കേരളത്തിൽനിന്ന് മൂന്ന് കുടുംമ്പാരോഗ്യ കേന്ദ്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. നെന്മണിക്കരെയെ കുടാതെ തിരുവനന്തപുരം കള്ളിക്കാട് കുടുംമ്പാരോഗ്യ കേന്ദ്രം, പാലക്കാട് കല്ലടിക്കോട് കുടുംമ്പാരോഗ്യ കേന്ദ്രം എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റു രണ്ട് ആരോഗ്യകേന്ദ്രങ്ങൾ. പൊതുജനാരോഗ്യം ഉറപ്പുവരുത്താൻ നടത്തിയ പ്രവർത്തനങ്ങളുടേയും സൗകര്യങ്ങളുടേയും അടിസ്ഥാനത്തിൽ നൽകുന്ന നാഷണൽ ക്വാളിറ്റി സർട്ടിഫിക്കേഷനാണ് ഈ കുടുംമ്പാരോഗ്യ കേന്ദ്രങ്ങൾക്ക് ലഭിച്ചത്. നാഷണൽ ഹെൽത്ത് മിഷൻ പ്രതിനിധികളുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നെന്മണിക്കര നേട്ടം കൈവരിച്ചത്.
1980-ൽ തലോരിലാണ് നെന്മണിക്കര ആരോഗ്യ കേന്ദ്രം ആരംഭിച്ചത്. പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രമാക്കി കുന്നിശേരിയിലേക്ക് പ്രവർത്തനം മാറ്റി. മൂന്ന് വർഷം മുമ്പാണ് കുടുംമ്പാരോഗ്യ കേന്ദ്രമായി മാറിയത്. ഒ.പി. വിഭാഗത്തിന് 89 ശതമാനവും ലാബിന് 98 ശതമാനവും പൊതുഭരണ മികവിനുള്ള 96.2 ശതമാനവും ഉൾപ്പെടെ 93 ശതമാനം മാർക്ക് നേടിയാണ് നെന്മണിക്കര മികവിലേക്കുയർന്നത്. തിരുവനന്തപുരത്തിന് 95 ശതമാനവും പാലക്കാടിന് 94 ശതമാനം മാർക്കുമുണ്ട്. ഡോ. ഷീല വാസു, ഡോ. സുജയ എന്നിവരുടെ നേതൃത്വത്തിലാണ് നെന്മണിക്കര കുടുംമ്പാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. ആശുപത്രി ജീവനക്കാരും കർമസമിതി പ്രവർത്തകരും ചേർന്ന് ഒരു വർഷമായി നടത്തി വരുന്ന ഊർജിതമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ദേശീയ അംഗീകാരം നെന്മണിക്കര കുടുംമ്പാരോഗ്യ കേന്ദ്രത്തെ തേടിയെത്തിയത്.